Saturday, March 24, 2012

എന്നെ സ്വാധീനിച്ച ഖുര്‍ആന്‍ വചനങ്ങള്‍ -1

ഖുര്‍ആന്‍ ഒരു അത്ഭുതമാണ്. അത്ഭുതങ്ങളുടെ   അത്ഭുതം. അതിലെ ഓരോ വചനങ്ങള്‍ക്കും അസാധാരണമായ കരുത്തും ഗാംഭീര്യവും അര്‍ത്ഥ വ്യാപ്തിയുമുണ്ട്. പക്ഷെ ഇതര ഭാഷകളിലേക്ക് അത് പരിഭാഷപ്പെടുത്തുമ്പോള്‍ അതിന്റെ ആ ഗുണങ്ങള്‍ അധികവും ചോര്‍ന്നു പോകാറുണ്ട്.
അത് പരിഭാഷയുടെ പരിമിതിയാണ്.  ആറായിരത്തില്‍ പരം വരുന്ന വചനങ്ങളില്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ച ചില വചനങ്ങള്‍ താഴെ കൊടുക്കുന്നു:

 1. ഭൂമിയില്‍ നാശമുണ്ടാക്കരുതെന്നു അവരോടു (കപടന്മാരോട്) പറയപ്പെട്ടാല്‍ 'ഞങ്ങള്‍ നന്മ ചെയ്യുന്നവര്‍ തന്നെയാകുന്നു' എന്നായിരിക്കുമാവരുടെ മറുപടി.  അറിയുക അവര്‍ നാശകാരികള്‍ തന്നെയാകുന്നു. പക്ഷെ അവരത് അറിയുന്നില്ല. (2:11-12)
 2. മതത്തെ നിഷേധിക്കുന്നവന്‍ ആരെന്നു നിനക്കറിയാമോ? അവന്‍ അനാഥയെ ആട്ടി അകറ്റുന്നവനും   അഗതിക്ക്‌ ആഹാരം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമാണ്. ആ നമസ്ക്കരക്കാര്‍ക്ക് നാശം! അവര്‍ തങ്ങളുടെ നമസ്ക്കാരത്തെ സംബന്ധിച്ച് അശ്രദ്ധരാണ്.    അവര്‍ ആളുകളെ കാണിക്കുകയാണ്. നിസ്സാരമായ ഉപകാരങ്ങള്‍ പോലും വിലക്കുകയും ചെയ്യുന്നു.." (107 : 17 )
 3. മനുഷ്യരേ, ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി, നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍. വേണ്ടി. അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവരത്രേ.  (49 :13 )
 4.  പ്രവാചകാ പറയുക: എന്റെ വശം ദൈവത്തിന്റെ ഖജനാവുകള്‍ ഉണ്ടെന്നു ഞാന്‍ നിങ്ങളോട് പറയുന്നില്ല. ഞാന്‍ അഭൌതിക കാര്യങ്ങള്‍ അറിയുന്നുമില്ല. (6 :50 )
 5. അള്ളാഹു സകല വസ്തുക്കളെയും സൃഷ്ടിച്ചിരിക്കുന്നു. അവന്‍ സകല സംഗതികളും അറിയുകയും ചെയ്യുന്നു. അവനാകുന്നു നിങ്ങളുടെ നാഥനായ ദൈവം. അവനല്ലാതെ ഒരു ആരാധ്യനും ഇല്ല. സകലവസ്തുക്കളുടെയും സൃഷ്ടാവാണ് അവന്‍. അതിനാല്‍ നിങ്ങള്‍ അവനെ അനുസരിച്ച് ജീവിക്കുക. അവന്‍ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റവനാകുന്നു. കണ്ണുകള്‍ക്ക് അവനെ കാണാന്‍ കഴിയില്ല. അവനോ, കണ്ണുകളെ കണ്ടു കൊണ്ടിരിക്കുന്നു. അവന്‍ സൂക്ഷ്മദൃക്കും അഭിജ്ഞനുമല്ലോ.   (6 : 101 -103 )
 6. സത്യനിഷേധികള്‍ വലിയ വാദമായി ഉന്നയിച്ചു, മരണാനന്തരം തങ്ങള്‍ ഒരിക്കലും പുനരുജ്ജീവിക്കപ്പെടുകയില്ലെന്നു.  അവരോടു പറയുക: അല്ല; എന്റെ നാഥനാണ് സത്യം! നിങ്ങള്‍ തീര്‍ച്ചയായും പുനരുജ്ജീവിക്കപ്പെടുക തന്നെ ചെയ്യും. അങ്ങനെ ചെയ്യല്‍ അല്ലാഹുവിനു തീര്‍ത്തും അനായാസകരമാത്രേ." (64 : 7 )  
 7. മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ, അവന്‍ വെറുതെ വിടപ്പെടുമെന്നു? അവന്‍ വിസര്‍ജ്ജിക്കപെട്ട നിസ്സാരമായ ശുക്ല കണമായിരുന്നില്ലേ? പിന്നീടവന്‍ ഒട്ടിപ്പിടിക്കുന്ന വസ്തുവായി. അനന്തരം അല്ലാഹു അവന്റെ ശരീരം സൃഷ്ടിച്ചു. അവയവങ്ങള്‍ സംവിധാനിച്ചു. അന്നിട്ടത്തില്‍ നിന്ന് സ്ത്രീയുടെയും പുരുഷന്റെയും രണ്ടു വര്‍ഗങ്ങള്‍ ഉണ്ടാക്കി. അവന്‍ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെന്നോ?" (75 : 36 -40 )
 8. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നു ഇതാകുന്നു: എന്തെന്നാല്‍ ഭൂമിയെ ചൈതന്യമറ്റു കിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമത്തില്‍ മഴ വര്ഷിപ്പിച്ചാലോ പെട്ടന്നതാ അത് ചലനം കൊള്ളുകയും വളര്‍ന്നു വികസിക്കുകയും ചെയ്യുന്നു. നിശ്ചയം, ഈ മൃത ഭൂമിയെ സജീവമാക്കിയതാരോ, അവന്‍ മരിച്ചു പോയവരെയും ജീവിപ്പിക്കുന്നവനാകുന്നു. അവന്‍ സകല സംഗതികള്‍ക്കും കഴിവുള്ളവനല്ലോ" (41 :39)
 9. മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്റെ  അസ്ഥികളെ സംഘടിപ്പിക്കാന്‍ നമുക്കാവില്ലെന്നു. എന്ത് കൊണ്ടാവില്ല? നാമവന്റെ വിരല്‍ തുമ്പുകള്‍ വരെ കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനല്ലോ." (75 :3 ,4)
 10. "അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ടുപോകുന്നു. അവന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ചുകളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല അതിനെ മണ്ണില്‍ കുഴിച്ചു മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത). ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!'' (16:58, 59)
 11. "കരുണാമയനായ ദൈവത്തിന്റെ യഥാര്‍ത്ഥ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി നടക്കുന്നവരാകുന്നു. അവിവേകികള്‍ തര്‍ക്കിക്കാന്‍ വന്നാല്‍ അവര്‍ പറയും; 'സലാം'. അവര്‍ തങ്ങളുടെ നാഥന്റെ സമക്ഷത്തില്‍ പ്രണാമം ചെയ്തു കൊണ്ടും നിന്ന് പ്രാര്‍ഥിച്ചു കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നു. അവര്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നു: 'ഞങ്ങളുടെ നാഥാ, ഞങ്ങളെ നരക ശിക്ഷയില്‍ നിന്നും മോചിപ്പിക്കേണമേ.. അതിലെ ശിക്ഷ വിട്ടു മാറാത്തതാകുന്നു. തീര്‍ച്ചയായും അത് അതിദുഷ്ടമായ പാര്‍പ്പിടവും താവളവുമല്ലോ'. ചെലവഴിക്കുമ്പോള്‍ അവര്‍ ധൂര്‍ത്തടിക്കുകയോ ലുബ്ധരാവുകയോ ഇല്ല. പ്രത്യുത, ചെലവുകള്‍ ഈ രണ്ടറ്റങ്ങള്‍ക്കുമിടയില്‍ മിതസ്വഭാവത്തില്‍ ഉള്ളതായിരിക്കും. അല്ലാഹുവല്ലാത്ത ഒരു ദൈവത്തെയും അവര്‍ പ്രാര്‍ഥിക്കുകയില്ല. അള്ളാഹു ആദരിച്ച ഒരു ജീവനെയും അന്യായമായി ഹനിക്കുകയില്ല. അവര്‍ വ്യഭിചരിക്കുകയില്ല. ഇത്തരം പാപങ്ങള്‍ ചെയ്യുന്നവനാരായാലും പാപഫലം അനുഭവിക്കുക തന്നെ ചെയ്യും. പുനരുഥാന നാളില്‍ അവനു ഇരട്ടിശിക്ഷ ലഭിക്കുന്നതാകുന്നു. അതിലവര്‍ നിന്ദിതരായി നിത്യവാസം ചെയ്യുന്നതാകുന്നു. പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈകൊണ്ടു സല്ക്കര്മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവനൊഴിച്ച്. അത്തരം ജനങളുടെ തിന്മകളെ അള്ളാഹു നന്മകളാക്കി മാറ്റികൊടുക്കുന്നതാകുന്നു. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമാണ്. സ്വന്തം പാപങ്ങളില്‍ പശ്ചാത്തപിച്ചു സല്ക്കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അല്ലാഹുവിലേക്ക് തിരിച്ചു ചെല്ലേണ്ട വിധം തിരിച്ചു ചെല്ലുന്നതാകുന്നു. (റഹ്മാന്റെ ദാസന്മാര്‍ ) സത്യവിരുധമായത്തിനു സാക്ഷികളാകാത്തവരും അനാവശ്യങ്ങള്‍ക്കരികിലൂടെ കടന്നുപോകാന്‍ ഇടയായാല്‍ മാന്യമായി കടന്നു പോകുന്നവരുമാകുന്നു. അവരെ നിന്റെ റബ്ബിന്റെ സൂക്തങ്ങള്‍ കേള്‍പ്പിച്ചു ഉപദേശിക്കുകയാണെങ്കിലോ, അതിനോടവര്‍ അന്ധരും ബധിരരുമായി വര്‍ത്തിക്കുകയില്ല. അവര്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കും: 'ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളാലും സന്തതികളാലും നീ ഞങ്ങളുടെ കണ്ണ് കുളിര്‍പ്പിക്കേണമേ. ഞങ്ങളെ നീ ഭക്തന്മാരുടെ നേതാവാക്കേണമേ'- ഇവരാകുന്നു തങ്ങളുടെ സഹനത്തിന്റെ ഫലമായി ഉന്നത സൌധം പ്രാപിക്കുന്നവര്‍ അഭിവാദനങ്ങളോടെ ഉപചാരങ്ങളോടെ അവര്‍ . അവര്‍ അതിലേക്കു സ്വാഗതം ചെയ്യപ്പെടുന്നതാകുന്നു. അവരവിടെ എന്നെന്നും വസിക്കുകയും ചെയ്യും. എന്തുമാത്രം ശ്രേഷ്ഠമായ പാര്‍പ്പിടവും താവളവും!!"   (25:63-76)
 12. "ഒരു ഗ്രാമത്തെ നാം നശിപ്പിക്കണമെന്ന് ഉദ്ദേശിച്ചാല്‍ അന്നാട്ടിലെ സുഖലോലുപന്മാര്‍ക്ക് നേതൃത്വം നല്‍കുകയും അവരവിടെ അധര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അങ്ങനെ, ദിവ്യവാഗ്ദാനം അതിനെ സംബന്ധിച്ചിടത്തോളം സത്യമായി പുലരുകയും നാമതിനെ നിശ്ശേഷം നശിപ്പിക്കുകയും ചെയ്യുന്നു." (അല്‍ ഇസ്രാഅ് : 16)

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം