Sunday, May 6, 2012

കാരുണ്യമാണ് ഇസ്ലാം

ഇസ്ലാം ക്രൂരതയുടെ പ്രതീകമാണ്, ഹിംസയാണ് അതിന്റെ മുഖമുദ്ര എന്നൊക്കെയാണ് ഇസ്ലാം വിരുദ്ധര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ നിരവധി ഖുര്‍ആന്‍ വചനങ്ങളും പ്രവാചക വചനങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നത് ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖം കാരുണ്യത്തിന്റെതും സഹിഷ്ണുതയുടെയും ആണെന്നതാണ്. ചില പ്രധാനപ്പെട്ട വചനങ്ങള്‍ കാണുക:
ഖുര്‍ആന്‍ വചനങ്ങള്‍
"കാരുണ്യം ദൈവികാനുഗ്രഹമാണ്. നീ വളരെ സൗമ്യശീലനായത് അല്ലാഹുവില്‍ നിന്നുള്ള മഹത്തായ അനുഗ്രഹമത്രെ. നീ കഠിന മനസ്ക്കനായ പരുഷ പ്രകൃതക്കാരന്‍ ആയിരുന്നെങ്കില്‍ ജനങ്ങള്‍ നിന്റെ ചുറ്റും നിന്ന് പിരിഞ്ഞു പോകുമായിരുന്നു." ( 3 :159 )

"നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.'' (7:199,200)

"നീ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരുടെ (സത്യനിഷേധികളുടെ) പേരില്‍ നീ വ്യസനിക്കരുത്. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ളേശത്തിലാവുകയും അരുത്.'' (16:127)


പ്രവാചക വചനങ്ങള്‍ 
 • ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കുകയില്ല." (ബുഖാരി, മുസ്ലിം) 
 • ആയിശ (റ) യില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: "അല്ലാഹു സൌമ്യനാണ്. അവന്‍ സൗമ്യത ഇഷ്ടപ്പെടുന്നു. പാരുഷ്യത്തിനെക്കാളും മറ്റെല്ലാത്തിനേക്കാളും കൂടുതല്‍ പ്രതിഫലം സൌമ്യതക്ക് അവന്‍ നല്‍കുകയും ചെയ്യുന്നു." (മുസ്ലിം) 
 • "ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. മുകളിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും." (ത്വബ്റാനി) 
 • "നരകം നിഷിദ്ധമായവന്‍ ആരെന്നു ഞാന്‍ അറിയിച്ചു തരട്ടെ? ആളുകളോട് അടുപ്പം കാണിക്കുന്നവനും സൌമ്യശീലനും സഹിഷ്ണുത പുലര്‍ത്തുന്നവനും വിട്ടുവീഴ്ച കാണിക്കുന്നവനുമാണ് അത്." (തിര്‍മിദി) 
 • "നിങ്ങള്‍ എളുപ്പമാക്കുക; പ്രയാസമാക്കരുത് സന്തോഷിപ്പിക്കുക; വെറുപ്പിക്കരുത്". (ബുഖാരി, മുസ്ലിം) 
 • ഒരിക്കല്‍ നബി (സ) പറഞ്ഞു: "പരസ്പരം കരുണ കാണിക്കുന്നത് വരെ നിങ്ങള്‍ സത്യാ വിശ്വാസിയാവുകയില്ല." അപ്പോള്‍ അനുയായികള്‍ പറഞ്ഞു: "അല്ലാഹുവിന്റെ തിരു ദൂതരെ.. ഞങ്ങള്‍ കരുണ ഉള്ളവരാണല്ലോ.." പ്രവാചകന്‍ (സ) ഇങ്ങനെ മറുപടി നല്‍കി: "കാരുണ്യമെന്നത് ഒരാള്‍ തന്റെ കൂട്ടുകാരനോട് കാണിക്കുന്നത് മാത്രമല്ല. മറിച്ചു മുഴുവന്‍ ജനത്തോടുമുള്ള കരു ണയാണ്. എല്ലാത്തിനോടുമുള്ള കാരുണ്യം." (ത്വബ്റാനി) 
 • "ജനങ്ങളില്‍ അല്ലാഹുവില്‍ നിന്ന് ഏറ്റവും അകന്നവന്‍ കഠിന ഹൃദയനത്രേ." (തിര്‍മിദി) 
 • "അല്ലാഹു സൌമ്യനാണ്. അവന്‍ എല്ലാത്തിലും സൗമ്യത ഇഷ്ടപ്പെടുന്നു." (ബുഖാരി, മുസ്ലിം) 
 • ഉമറുബ്നുല്‍ ഖത്താബില്‍ (റ) നിന്നും നിവേദനം: ഒരിക്കല്‍ നബി തിരുമേനിയുടെ അരികെ ഒരു അടിമ സ്ത്രീ ഇതര തടവുകാരോടൊപ്പം കൊണ്ട് വരപ്പെട്ടു. ആ സ്ത്രീ അങ്ങുമിങ്ങും ഓടി നടന്നു. മുന്നില്‍ കണ്ട കുട്ടികളെയൊക്കെ കോരിയെടുത്ത് വയറിനോട് ചേര്‍ത്തു വെക്കുകയും മുല കൊടുക്കുകയും ചെയ്തു. അപ്പോള്‍ പ്രവാചകന്‍ (സ) ചോദിച്ചു: "ഈ സ്ത്രീക്ക് തന്റെ കുഞ്ഞിനെ തീയിലെറിയാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?" ഞങ്ങള്‍ പറഞ്ഞു: "അല്ലാഹുവാണ, സാധ്യമല്ല." പ്രാവാചകന്‍ പറഞ്ഞു: "ഈ സ്ത്രീക്ക് തന്റെ കുഞ്ഞിനോട് ഉള്ളതിനേക്കാള്‍ എത്രയോ മടങ്ങ്‌ കരുണ തന്റെ ദാസന്മാരോടു ഉള്ളവനാണ് അല്ലാഹു." 
 • അല്ലാഹുവിന്റെ കാരുണ്യത്തെ 100 അംശങ്ങളാക്കി അവയിലൊന്ന് മാത്രം ഭൂമിയില്‍ നിക്ഷേപിച്ചു. അതുപയോഗിച്ചാണ് സൃഷ്ടികളിവിടെ പരസ്പരം കരുണ കാണിക്കുന്നത്. മൃഗം അതിന്റെ കുളമ്പ് കുട്ടിയുടെ മേല്‍ തട്ടാതിരിക്കാന്‍ ഉയര്‍ത്തുന്നത് വരെ അതിന്റെ ഭാഗമത്രേ." (ബുഖാരി) 
 • "ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ഉപരിലോകത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.''(ത്വബ്‌റാനി) 
 • "കരുണയില്ലാത്തവന് കാരുണ്യം കിട്ടുകയില്ല.''(ബുഖാരി, മുസ്‌ലിം) 
 • "നിര്‍ഭാഗ്യവാനല്ലാതെ കരുണയില്ലാത്തവനാവതേയില്ല.'' (അബൂദാവൂദ്) 
 • ജാബിര്‍ പറയുന്നു. ഞാന്‍ പറഞ്ഞു. "അല്ലാഹുവിന്റെ ദൂതരെ, ഥഖീഫുകാരുടെ അഗ്നി ഞങ്ങളെ കരിച്ചുകളഞ്ഞു. അതിനാല്‍ അങ്ങ് അവര്‍ക്കെതിരില്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും.'' അപ്പോള്‍ നബി (സ) ഇപ്രകാരം പ്രാര്‍ഥിച്ചു. "അല്ലാഹുവേ, ഥഖീഫുകാരെ നീ സന്മാര്‍ഗത്തിലാക്കേണമേ, അവരെ നീ (നന്മയിലേക്ക്) കൊണ്ടുവരേണമേ'' (തിര്‍മിദി) 
 • ത്വുഫൈലുബ്നു അംറ് നബി (സ)യുടെ അടുക്കല്‍ വന്നുപറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ, ഔസുകാര്‍ ധിക്കാരം കാണിക്കുകയും വിസമ്മതിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അങ്ങ് അവര്‍ക്കെതിരില്‍ പ്രാര്‍ഥിച്ചാലും. അപ്പോള്‍ ആളുകള്‍ വിചാരിച്ചു നബി (സ) അവര്‍ക്കെതിരില്‍ പ്രാര്‍ഥിക്കുമെന്ന്. എന്നാല്‍ നബി (സ) ഇപ്രകാരം പ്രാര്‍ഥിച്ചു. "അല്ലാഹുവേ, നീ ഔസിനെ സന്‍മാര്‍ഗത്തിലാക്കേണമേ, അവരെ നീ നന്മയിലേക്കു കൊണ്ടുവരേണമേ'' (ബുഖാരി, മുസ്ലിം) 
 • അബൂഹുറയ്റ നിവേദനം. ബഹുദൈവാരാധകര്‍ക്കെതിരില്‍ പ്രാര്‍ഥിക്കാനായി നബി (സ) യോട് ആവശ്യപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. "നിശ്ചയം, ഞാന്‍ ശപിക്കുന്നവനായിട്ടല്ല നിയോഗിക്കപ്പെട്ടിട്ടുള്ളത്. പ്രത്യുത കാരുണ്യമായിട്ടത്രെ ഞാന്‍ നിയുക്തനായിട്ടുള്ളത്.'' (മുസ്ലിം) 
 • ആഇശ നബി (സ)യോട് ചോദിച്ചു. "പ്രവാചകരേ, ഉഹ്ദ് യുദ്ധത്തേക്കാള്‍ കഠിനമായ വല്ല ദിവസവും താങ്കള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുണ്ടോ?-പ്രവാചകന്റെ പിതൃവ്യനടക്കമുള്ള പ്രമുഖരായ പല സ്വഹാബീവര്യന്മാരും ക്രൂരമായി കൊലചെയ്യപ്പെട്ട ഒരു യുദ്ധമായിരുന്നു ഉഹ്ദ് യുദ്ധം - നബി (സ) പറഞ്ഞു.'' നിന്റെ ജനതയില്‍ നിന്ന് ഞാന്‍ ആഭിമുഖീകരിച്ചതൊക്കെയും ഞാന്‍ അഭിമുഖീകരിച്ചു. അതിലേറ്റവും കഠിനമായത് അഖബാ ദിവസത്തില്‍ ഞാന്‍ അനുഭവിച്ചതായിരുന്നു. അതായത്, ഇബ്നു അബിയാലിന്റെ മുമ്പാകെ ഞാന്‍ ചെന്നു. പക്ഷേ, ഞാനുദ്ദേശിച്ച കാര്യത്തിന് അവരെനിക്കുത്തരം ചെയ്തില്ല. ദുഃഖിതനായി ഞാന്‍ പിന്തിരിഞ്ഞുപോന്നു. അങ്ങനെ ഞാന്‍ ഖര്‍ഹഥ്ഥ ആലിബിയിലെത്തി. ഒന്നു തല ഉയര്‍ത്തിനോക്കുമ്പോഴതാ ഒരു കാര്‍മേഘം എനിക്ക് തണലിട്ടുകൊണ്ടിരിക്കുന്നു. അതിലതാ മലക്കു ജിബ്രീല്‍ . അദ്ദേഹമെന്നെ വിളിച്ചുപറഞ്ഞു. "നിശ്ചയമായും താങ്കളുടെ ജനത താങ്കളോട് പറഞ്ഞതും പ്രതികരിച്ചതുമൊക്കെ അല്ലാഹു കേട്ടിട്ടുണ്ട്. പര്‍വതങ്ങളുടെ ചുമതലയുള്ള മലക്കിനെ താങ്കളിലേക്ക് നിയോഗിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കാര്യത്തില്‍ താങ്കളുദ്ദേശിക്കുന്നത് കല്‍പിച്ചുകൊള്ളുക. അങ്ങനെ ഒട്ടും താമസിയാതെ പര്‍വതങ്ങളുടെ മലക്ക് എന്നെ വിളിച്ചു, എനിക്ക് സലാം പറഞ്ഞു. എന്നിട്ട് പറഞ്ഞു. "മുഹമ്മദേ, എന്താണോ താങ്കള്‍ ഉദ്ദേശിക്കുന്നത് അത് പറഞ്ഞുകൊള്ളുക. താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞാനവരെ ഈ പര്‍വതങ്ങള്‍ക്കിടയില്‍ ഞെരിച്ചമര്‍ത്തിക്കളയാം.'' അപ്പോള്‍ നബി (സ) പറഞ്ഞു, "വേണ്ട, ഞാനവരില്‍ നിന്ന് അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനില്‍ യാതൊന്നും പങ്കുചേര്‍ക്കുകയും ചെയ്യാത്ത നല്ലൊരു പിന്‍തലമുറയെ അവരുടെ മുതുകില്‍ നിന്ന് അല്ലാഹു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.'' (ബുഖാരി, മുസ്ലിം) 
 • ജാബിര്‍ ബ്നു അബദില്ല (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: "നജ്ദ്കാരോട് പോരാടാനായി ഞാനും നബി (സ)യോടൊപ്പം പോയി അങ്ങനെ നബി (സ) ഒരു ഇലന്തമരച്ചുവട്ടില്‍ വിശ്രമിക്കാനൊരുങ്ങി. തന്റെ കയ്യിലുണ്ടായിരുന്ന വാള്‍ ആ മരത്തില്‍ തൂക്കിയിട്ടു. അങ്ങനെ ഞങ്ങളുറങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ അതാ നബി (സ) ഞങ്ങളെ വിളിക്കുന്നു. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ പ്രവാചകന്റെയടുക്കല്‍ ഒരു ഗ്രാമീണനിരിക്കുന്നു. നബി (സ) പറഞ്ഞു. "ഞാനുറങ്ങിക്കൊണ്ടിരിക്കെ ഇയാള്‍ എന്റെ വാള്‍ തട്ടിയെടുത്തു. ഞാനുണര്‍ന്നപ്പോള്‍ ഇദ്ദേഹം ഊരിപ്പിടിച്ചവാളുമായി നില്‍ക്കുന്നു. എന്നിട്ട് എന്നോടു ചോദിച്ചു. "ആരാണ് താങ്കളെ എന്നില്‍ നിന്ന് രക്ഷിക്കുക? ഞാന്‍ പറഞ്ഞു, "അല്ലാഹു.'' അതാ വാള്‍ നിലത്തുവീഴുകയും അയാള്‍ ഇരിക്കുകയും ചെയ്തു. നബി (സ) അയാളോട് യാതൊരുവിധ പ്രതികാരവും ചെയ്യാതെ വെറുതെ വിട്ടു. (ബുഖാരി, മുസ്ലിം) 
ഇതര ജീവികളോടുള്ള കരുണ 
 • "ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകളാല്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമുദായങ്ങള്‍ മാത്രമാകുന്നു.'' (ഖുര്‍ആന്‍ 6: 38) 
 • "ജനം സകാത്ത് നല്കാതിരുന്നാല്‍ മഴ നിലക്കുമായിരുന്നു. ജന്തുക്കള്‍ കാരണമായാണ് എന്നിട്ടും മഴ വര്‍ഷിക്കുന്നത്.'' (ഇബ്‌നുമാജ) 
 • "ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. 'ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്ന പോലെ!' എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്കു പൊറുത്തു കൊടുത്തു.'' ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? പ്രവാചകന്‍ പ്രതിവചിച്ചു: പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.'' (ബുഖാരി, മുസ്‌ലിം) 
 • "ഒരു നായ കിണറ്റിനുചുറ്റും ഓടിനടക്കുകയായിരുന്നു. കഠിനമായ ദാഹം കാരണം അതു ചാവാറായിരുന്നു. അതുകണ്ട ഇസ്‌റാഈല്യരില്‍ പെട്ട ഒരു വ്യഭിചാരി തന്റെ ഷൂ അഴിച്ച് അതില്‍ വെള്ളമെടുത്ത് അതിനെ കുടിപ്പിക്കുകയും സ്വയം കുടിക്കുകയും ചെയ്തു. അതിന്റെ പേരില്‍ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തു.'' (ബുഖാരി) 
 • "പൂച്ച കാരണം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവളതിനെ വിശന്നു ചാകുവോളം കെട്ടിയിട്ടു. അങ്ങനെ അവര്‍ നരകാവകാശിയായി.'' (ബുഖാരി, മുസ്‌ലിം) 
 • "ഒരു കുരുവിയെയോ അതിനെക്കാള്‍ ചെറിയ ജീവിയെയോ അന്യായമായി വധിക്കുന്നത് അല്ലാഹുവോട് ഉത്തരം പറയേണ്ട കാര്യമാണ്. 'ന്യായമായ ആവശ്യമെന്തെന്ന്' ചോദിച്ചപ്പോള്‍ അവിടന്ന് പറഞ്ഞു: ഭക്ഷണമുണ്ടാക്കലും ബലിയറുക്കലും കൊന്നശേഷം വെറുതെ ഉപേക്ഷിക്കാതിരിക്കലും.'' (അഹ്മദ്) 
 • വിനോദത്തിന് ജീവികളെ കൊല്ലുന്നതും പരസ്പരം പോരടിപ്പിച്ച് മത്സരിപ്പിക്കുന്നതും പ്രവാചകന്‍ നിരോധിച്ചിരിക്കുന്നു. (മുസ്‌ലിം, തിര്‍മുദി) 
 • മൃഗങ്ങളെ കല്ലെറിയുന്നതും തേനീച്ച, ഉറുമ്പ്, കുരുവി പോലുള്ളവയെ കൊല്ലുന്നതും അവിടന്ന് വിലക്കിയിരിക്കുന്നു. (മുസ്‌ലിം, അബൂദാവൂദ്) 
 • "ആരെങ്കിലും ഒരു പക്ഷിയെ അനാവശ്യമായി വധിച്ചാല്‍ അന്ത്യദിനത്തില്‍ അത് അലമുറയിട്ടുകൊണ്ട് അല്ലാഹുവോട് പറയും: എന്റെ നാഥാ! ഇന്നയാള്‍ എന്നെ അനാവശ്യമായി കൊന്നിരിക്കുന്നു. ഉപയോഗത്തിനു വേണ്ടിയല്ല അയാളെന്നെ വധിച്ചത്.'' (നസാഈ, ഇബ്‌നുഹിബ്ബാന്‍ ) 
 • മരത്തിനുനേരെ കല്ലെറിഞ്ഞ കുട്ടിയോട് അവിടന്ന് പറഞ്ഞു: "ഇനിമേല്‍ നീ ഒരു മരത്തേയും കല്ലെറിയരുത്. കല്ലുകൊണ്ടാല്‍ അതിനു വേദനിക്കും.'' 
 • തണുപ്പകറ്റാന്‍ തീയിട്ട അനുചരന്മാരോട്, ഉറുമ്പ് കരിയാന്‍ കാരണമാകുമോ എന്ന ആശങ്കയാല്‍ അത് കെടുത്താന്‍ കല്പിക്കുകയും ഒട്ടകത്തെ കെട്ടിയിട്ട് അതിന് ആഹാരം നല്‍കാതെ പട്ടിണിക്കിട്ടവനെ ശക്തമായി ശാസിക്കുകയും മൃഗങ്ങളുടെ മുഖത്ത് മുദ്രവെക്കുന്നതും പുറത്ത് ചൂടുവെക്കുന്നതും വിലക്കുകയും ജന്തുക്കളുടെ പുറംഭാഗം 'ഇരിപ്പിട'മാക്കരുതെന്ന് കല്‍പ്പിക്കുകയും ചെയ്തു പ്രവാചകന്‍ (സ).

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം