Thursday, May 30, 2013

മനുഷ്യപ്രകൃതത്തെ കുറിച്ച് ഖുര്‍ആന്‍


ഖുര്‍ആന്റെ കേന്ദ്രപ്രമേയം മനുഷ്യനാണ്. ആരാണ് മനുഷ്യന്‍? അവനെ എന്തില്‍ നിന്ന് സൃഷ്ടിച്ചു? എന്തിനു സൃഷ്ടിച്ചു? ഭൂമിയില്‍ അവന്റെ ബാധ്യത എന്ത്? മനുഷ്യന്റെ പ്രകൃതം എന്ത്? അവന്റെ മുഖ്യശത്രു ആരാണ്? അവന്‍ എവിടെ നിന്ന് വന്നു? എങ്ങോട്ടാണ് മടക്കം? തുടങ്ങിയ വിവിധ ചോദ്യങ്ങള്‍ക്ക് ലളിതമായ രീതിയില്‍ ഖുര്‍ആന്‍ മറുപടി പറയുന്നതായി കാണാം. ഈ പോസ്റ്റില്‍ മനുഷ്യന്റെ പ്രകൃതത്തെ കുറിച്ച ചില വചനങ്ങള്‍ വായിക്കാം.
"തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു. പിന്നെ നാമവനെ പതിതരില്‍ പതിതനാക്കി." (95:4-5)


"നിശ്ചയം; നാം മനുഷ്യനെ സൃഷ്ടിച്ചത് ക്ളേശമനുഭവിക്കുന്നവനായാണ്." (90:4)


"അല്ലാഹു നിങ്ങളുടെ ഭാരം കുറക്കാനുദ്ദേശിക്കുന്നു. ഏറെ ദുര്‍ബലനായാണല്ലോ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്." (4:28)

മനുഷ്യമനസ്സ്

"ഞാനെന്റെ മനസ്സ് കുറ്റമറ്റതാണെന്നവകാശപ്പെടുന്നില്ല. തീര്‍ച്ചയായും മനുഷ്യമനസ്സ് തിന്മക്കു പ്രേരിപ്പിക്കുന്നതു തന്നെ. എന്റെ നാഥന്‍ അനുഗ്രഹിച്ചവരുടേതൊഴികെ. എന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്; തീര്‍ച്ച.” (12:53)

"പറയുക: എന്റെ നാഥന്റെ കാരുണ്യത്തിന്റെ ഖജനാവുകള്‍ നിങ്ങളുടെ അധീനതയിലായിരുന്നുവെങ്കില്‍ ചെലവഴിച്ചു തീര്‍ന്നുപോകുമോയെന്ന് പേടിച്ച് നിങ്ങളത് മുറുക്കിപ്പിടിക്കുമായിരുന്നു. മനുഷ്യന്‍ പറ്റെ പിശുക്കന്‍ തന്നെ." (17:100)


"ഭാര്യമാര്‍, മക്കള്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കന്നുകാലികള്‍, കൃഷിയിടങ്ങള്‍ എന്നീ ഇഷ്ട വസ്തുക്കളോടുള്ള മോഹം മനുഷ്യര്‍ക്ക് ചേതോഹരമാക്കിയിരിക്കുന്നു. അതൊക്കെയും ഐഹികജീവിതത്തിലെ സുഖഭോഗ വിഭവങ്ങളാണ്. എന്നാല്‍ ഏറ്റവും ഉത്തമമായ സങ്കേതം അല്ലാഹുവിങ്കലാകുന്നു." (3:14)


"ഏതെങ്കിലും സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെട്ടാല്‍ അവരന്യോന്യം ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ കുറ്റമില്ല. എന്നല്ല; ഒത്തുതീര്‍പ്പാണ് ഉത്തമം. മനുഷ്യമനസ്സ് എപ്പോഴും സങ്കുചിതമായിരിക്കും. നിങ്ങള്‍ നല്ലനിലയില്‍ കഴിയുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍, ഓര്‍ക്കുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നവയൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ്." (4:128)

"തീര്‍ച്ചയായും ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പില്‍ നാം ഈ അമാനത്ത് സമര്‍പ്പിച്ചു. അപ്പോള്‍ അതേറ്റെടുക്കാന്‍ അവ വിസമ്മതിച്ചു. അവ അതിനെ ഭയപ്പെട്ടു. എന്നാല്‍ മനുഷ്യന്‍ അതേറ്റെടുത്തു. അവന്‍ കൊടിയ അക്രമിയും തികഞ്ഞ അവിവേകിയും തന്നെ." (33:72)

താര്‍ക്കികന്‍, ക്ഷമ കെട്ടവന്‍ , ധൃതി കാട്ടുന്നവന്‍ 

"അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ഒരു ശുക്ളകണത്തില്‍ നിന്നാണ്. എന്നിട്ടും അവനിതാ തികഞ്ഞ താര്‍ക്കികനായിരിക്കുന്നു." (16:4)


"മനുഷ്യന്‍ ക്ഷമ കെട്ടവനായാണ് സൃഷ്ടിക്കപ്പെട്ടത്." (70:19)

"ധൃതി കാട്ടുന്നവനായാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. വൈകാതെ തന്നെ ഞാനെന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കു കാട്ടിത്തരും. അതിനാല്‍ നിങ്ങളെന്നോട് ധൃതികൂട്ടേണ്ടതില്ല." (21:37)

"ഈ ഖുര്‍ആനില്‍ നാം നിരവധി ഉദാഹരണങ്ങള്‍ വിവിധ രീതികളില്‍ ജനങ്ങള്‍ക്ക് വിവരിച്ചുതന്നിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അതിരറ്റ തര്‍ക്കപ്രകൃതക്കാരന്‍ തന്നെ." (18:54)


"മനുഷ്യന്‍ നന്മക്കുവേണ്ടിയെന്നപോലെ തിന്മക്കുവേണ്ടിയും പ്രാര്‍ഥിക്കുന്നു. അവന്‍ വല്ലാത്ത ധൃതിക്കാരന്‍ തന്നെ." (17:11)


നാശം വിതക്കുക മനുഷ്യപ്രകൃതം 

"ചില മനുഷ്യരുണ്ട്. ഐഹിക ജീവിതത്തെ സംബന്ധിച്ച അവരുടെ സംസാരം നിന്നില്‍ കൌതുകമുണര്‍ത്തും. തങ്ങളുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുത്താന്‍ അവര്‍ അല്ലാഹുവെ സാക്ഷിനിര്‍ത്തും. വാസ്തവത്തിലവര്‍ സത്യത്തിന്റെ കൊടും വൈരികളത്രെ. അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്; കൃഷിനാശം വരുത്താനും മനുഷ്യകുലത്തെ നശിപ്പിക്കാനുമാണ്. എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല. “അല്ലാഹുവെ സൂക്ഷിക്കുക" എന്ന് അവനോട് ആരെങ്കിലും പറഞ്ഞാല്‍ അഹങ്കാരം അവനെ അതിനനുവദിക്കാതെ പാപത്തില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നു. അവന് നരകം തന്നെ മതി. അത് എത്ര ചീത്ത ഇടം! മറ്റുചില മനുഷ്യരുണ്ട്. അവര്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് സ്വന്തത്തെ സമ്പൂര്‍ണമായി സമര്‍പ്പിക്കുന്നു. അല്ലാഹു തന്റെ അടിമകളോട് അതീവ ദയാലുവാണ്." (2:204-207)

"മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ?" (30:41)

"അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തി. അപ്പോള്‍ അവരതാ അന്യായമായി ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ അതിക്രമം നിങ്ങള്‍ക്കെതിരെ തന്നെയാണ്. നിങ്ങള്‍ക്കത് നല്‍കുക ഐഹിക ജീവിതത്തിലെ സുഖാസ്വാദനമാണ്. പിന്നെ നമ്മുടെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കും." (10:23)

മനുഷ്യന്‍ നിസ്സഹായനായാല്‍ ദൈവത്തെ വിളിക്കും:

"മനുഷ്യനെ വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ നിന്നോ ഇരുന്നോ കിടന്നോ നമ്മോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അങ്ങനെ അവനെ ആ വിപത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തിയാല്‍ പിന്നെ അവനകപ്പെട്ട വിഷമസന്ധിയിലവന്‍ നമ്മോടു പ്രാര്‍ഥിച്ചിട്ടേയില്ലെന്ന വിധം നടന്നകലുന്നു. അതിരു കവിയുന്നവര്‍ക്ക് അവരുടെ ചെയ്തികള്‍ അവ്വിധം അലംകൃതമായി തോന്നുന്നു." (10:12)

"മനുഷ്യന് വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ തന്റെ നാഥങ്കലേക്ക് താഴ്മയോടെ മടങ്ങി അവനോട് പ്രാര്‍ഥിക്കുന്നു. പിന്നീട് അല്ലാഹു തന്നില്‍നിന്നുള്ള അനുഗ്രഹം പ്രദാനം ചെയ്താല്‍ നേരത്തെ അല്ലാഹുവോട് പ്രാര്‍ഥിച്ചിരുന്ന കാര്യംതന്നെ അവന്‍ മറന്നുകളയുന്നു. ദൈവമാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കാനായി അവന്‍ അല്ലാഹുവിന് സമന്മാരെ സങ്കല്‍പിക്കുകയും ചെയ്യുന്നു. പറയുക: "അല്‍പകാലം നീ നിന്റെ സത്യനിഷേധവുമായി സുഖിച്ചുകൊള്ളുക. സംശയമില്ല" (39:8)


നിരാശയും നന്ദികേടും അഹങ്കാരവും മനുഷ്യപ്രകൃതം:


"നാം മനുഷ്യനെ നമ്മില്‍ നിന്നുള്ള അനുഗ്രഹം ആസ്വദിപ്പിക്കുകയും പിന്നെ അത് എടുത്ത് മാറ്റുകയും ചെയ്താല്‍ അവന്‍ വല്ലാതെ നിരാശനും നന്ദികെട്ടവനുമായിത്തീരുന്നു. അഥവാ, നാമവനെ ദുരന്തം അനുഭവിപ്പിച്ച ശേഷം അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അവന്‍ പറയും: "എന്റെ ദുരന്തങ്ങളൊക്കെ പോയിമറഞ്ഞിരിക്കുന്നു.” അങ്ങനെ അവന്‍ ആഹ്ളാദഭരിതനും അഹങ്കാരിയുമായിത്തീരുന്നു." (11:9-10)


"കടലില്‍ നിങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെല്ലാം അപ്രത്യക്ഷമാകുന്നു. എന്നാല്‍ അവന്‍ നിങ്ങളെ കരയിലേക്ക് രക്ഷപ്പെടുത്തിയാല്‍ നിങ്ങള്‍ അവനില്‍നിന്ന് തിരിഞ്ഞുകളയുന്നു. മനുഷ്യന്‍ ഏറെ നന്ദികെട്ടവന്‍ തന്നെ." (17:67)


"മനുഷ്യന് നാം അനുഗ്രഹമേകിയാല്‍ അവന്‍ തിരിഞ്ഞുകളയുന്നു. തനിക്കു തോന്നിയപോലെ തെന്നിമാറിപ്പോകുന്നു. അവന് വല്ല വിപത്തും വന്നാലോ നിരാശനാവുകയും ചെയ്യുന്നു." (17:83)

"എന്നാല്‍ മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ പറയും: “എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു.” എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: “എന്റെ നാഥന്‍ എന്നെ നിന്ദിച്ചിരിക്കുന്നു.” (89:15-16)

"എന്റെ പിതാക്കളായ ഇബ്റാഹീമിന്റെയും ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും മാര്‍ഗമാണ് ഞാന്‍ പിന്‍പറ്റുന്നത്. അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കാന്‍ നമുക്ക് അനുവാദമില്ല. അല്ലാഹു ഞങ്ങള്‍ക്കും മറ്റു മുഴുവന്‍ മനുഷ്യര്‍ക്കും നല്‍കിയ അനുഗ്രഹങ്ങളില്‍പ്പെട്ടതാണിത്. എങ്കിലും മനുഷ്യരിലേറെപ്പേരും നന്ദി കാണിക്കുന്നില്ല. (12:38)

"അഥവാ, ഇനിയും അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍, നിന്നെ നാം അവരുടെ സംരക്ഷകനായൊന്നും അയച്ചിട്ടില്ല. നിന്റെ ബാധ്യത സന്ദേശമെത്തിക്കല്‍ മാത്രമാണ്. മനുഷ്യനെ നാം നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അതിലവന്‍ മതിമറന്നാഹ്ളാദിക്കുന്നു. എന്നാല്‍ തങ്ങളുടെ തന്നെ കൈക്കുറ്റങ്ങള്‍ കാരണമായി വല്ല വിപത്തും വന്നുപെട്ടാലോ, അപ്പോഴേക്കും മനുഷ്യന്‍ പറ്റെ നന്ദികെട്ടവനായിത്തീരുന്നു." (42:48)

"നന്മ തേടുന്നതില്‍ മനുഷ്യനൊട്ടും മടുപ്പനുഭവപ്പെടുന്നില്ല. എന്നാല്‍ വല്ല വിപത്തും അവനെ ബാധിച്ചാലോ അവന്‍ മനംമടുത്തവനും കടുത്തനിരാശനുമായിത്തീരുന്നു. അവനെ ബാധിച്ച വിപത്ത് വിട്ടൊഴിഞ്ഞശേഷം നമ്മുടെ അനുഗ്രഹം നാമവനെ ആസ്വദിപ്പിച്ചാല്‍ തീര്‍ച്ചയായും അവന്‍ പറയും: "ഇത് എനിക്ക് അവകാശപ്പെട്ടതുതന്നെയാണ്. അന്ത്യസമയം ആസന്നമാകുമെന്ന് ഞാന്‍ കരുതുന്നില്ല. അഥവാ, ഞാനെന്റെ നാഥന്റെ അടുത്തേക്ക് തിരിച്ചയക്കപ്പെട്ടാലും എനിക്ക് അവന്റെയടുത്ത് നല്ല അവസ്ഥയാണുണ്ടാവുക." എന്നാല്‍ ഇത്തരം സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നാം വിവരമറിയിക്കും. കഠിനമായ ശിക്ഷ അവരെ ആസ്വദിപ്പിക്കും. മനുഷ്യന് നാം വല്ല ഔദാര്യവും ചെയ്യുമ്പോള്‍ അവനത് അവഗണിക്കുന്നു. അഹന്ത നടിക്കുന്നു. വല്ല വിപത്തും അവനെ ബാധിച്ചാലോ, അവനതാ ദീര്‍ഘമായ പ്രാര്‍ഥനയിലേര്‍പ്പെടുന്നു." (41:49-51)

ഭിന്നിപ്പും അനൈക്യവും മനുഷ്യപ്രകൃതം:"മനുഷ്യരൊക്കെ ഒരു സമുദായമായിരുന്നു. പിന്നെ അവര്‍ ഭിന്നിച്ചു. നിന്റെ നാഥനില്‍ നിന്നുള്ള പ്രഖ്യാപനം നേരത്തെ ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ ഇതിനകം തന്നെ തീര്‍പ്പ് കല്‍പിക്കപ്പെടുമായിരുന്നു." (10:19)


"നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും." (11:118)


"ആദിയില്‍ മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായപ്പോള്‍ ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി അവരോടൊപ്പം സത്യവേദ പുസ്തകവും അവതരിപ്പിച്ചു. വേദം ലഭിച്ചവര്‍ തന്നെയാണ് വ്യക്തമായ തെളിവുകള്‍ വന്നെത്തിയ ശേഷവും അതില്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. എന്നാല്‍ സത്യവിശ്വാസികളെ അവര്‍ ഭിന്നിച്ചകന്നുപോയ സത്യത്തിലേക്ക് അല്ലാഹു തന്റെ ഹിതമനുസരിച്ച് വഴിനടത്തി. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലേക്കു നയിക്കുന്നു." (2:213)


മനുഷ്യന്‍ അന്ത്യദിനത്തെയും പരലോകത്തെയും നിഷേധിക്കുന്നു:

"മനുഷ്യന്‍ ചോദിക്കുന്നു: "ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നെ വീണ്ടും എന്നെ ജീവനോടെ പുറത്തുകൊണ്ടുവരുമെന്നോ!” മനുഷ്യന്‍ ഒന്നുമല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് നാം അവനെ സൃഷ്ടിച്ചുണ്ടാക്കിയ കാര്യം അവനൊന്നോര്‍ത്തുകൂടേ? (19:66-67)

"എന്നിട്ടും മനുഷ്യന്‍ തന്റെ വരുംകാല ജീവിതത്തില്‍ ദുര്‍വൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നു. ഈ ഉയിര്‍ത്തെഴുന്നേല്പു ദിനം എന്നാണെന്ന് അവന്‍ ചോദിക്കുന്നു. കണ്ണ് അഞ്ചിപ്പോവുകയും ചന്ദ്രന്‍ കെട്ടുപോവുകയും, സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍. അന്ന് ഈ മനുഷ്യന്‍ പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്. ഇല്ല! ഒരു രക്ഷയുമില്ല. അന്ന് നിന്റെ നാഥന്റെ മുന്നില്‍ തന്നെ ചെന്നു നില്‍ക്കേണ്ടിവരും. അന്നാളില്‍ മനുഷ്യന്‍ താന്‍ ചെയ്യരുതാത്തത് ചെയ്തതിനെ സംബന്ധിച്ചും ചെയ്യേണ്ടത് ചെയ്യാത്തതിനെപ്പറ്റിയും അറിയുന്നു. എന്നല്ല, അന്ന് മനുഷ്യന്‍ തനിക്കെതിരെ തന്നെ തെളിവായിത്തീരുന്നു." (75:5-14)

"സ്വന്തത്തെ സംബന്ധിച്ച് അവര്‍ ചിന്തിച്ചിട്ടില്ലേ? ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും ശരിയായ ക്രമപ്രകാരവും കൃത്യമായ അവധി നിശ്ചയിച്ചുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. മനുഷ്യരിലേറെപ്പേരും തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നതിനെ തള്ളിപ്പറയുന്നവരാണ്." (30:8)


No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം