Tuesday, May 28, 2013

ഇസ്ലാം സകല മനുഷ്യര്‍ക്കും വേണ്ടി

"ഇസ്ലാം അറബികള്‍ക്ക് മാത്രമുള്ളതാണ്... ഖുര്‍ആന്‍ അറബികള്‍ക്ക് വേണ്ടി മാത്രം അവതരിച്ചതാണ്‌... മുഹമ്മദ്‌ നബി (സ) അറേബ്യന്‍ സമൂഹത്തിലേക്ക് മാത്രം ആഗതനായ വ്യക്തിത്വമാണ്..."
പല കോണുകളില്‍ നിന്നായി പലപ്പോഴും കേള്‍ക്കാറുള്ള ഒരു പ്രസ്താവമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്.. നൂറു ശതമാനം വാസ്തവവിരുദ്ധമായ കാര്യമാണിത്.
ഖുര്‍ആനില്‍ അനേകം വചനങ്ങളിലൂടെ ഇസ്ലാം സകല മനുഷ്യര്‍ക്കും വേണ്ടി ഉള്ളതാണെന്ന് ഒരു വ്യാഖ്യാനത്തിനു പോലും ഇട നല്‍കാത്ത വിധം പറയുന്നുണ്ട്. അവയില്‍ ചിലത് കാണുക:
ഖുര്‍ആന്‍ സകല മനുഷ്യര്‍ക്കും വേണ്ടി

"സത്യസന്ദേശവുമായി ഈ വേദം നിനക്ക് ഇറക്കിത്തന്നത് അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു. തൌറാത്തും ഇഞ്ചീലും അവന്‍ ഇറക്കിക്കൊടുത്തു. അത് ഇതിനു മുമ്പാണ്. ഇതെല്ലാം മനുഷ്യര്‍ക്ക് വഴികാണിക്കാനുള്ളതാണ്. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന്‍ ഇറക്കിത്തന്നു. അതിനാല്‍ ഇനിയും അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹു പ്രതാപിയും ശിക്ഷ നടപ്പാക്കുന്നവനുമാകുന്നു." (3:3-4)"ഇത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണ്. ഇതിലൂടെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍. അവന്‍ ഏകനായ ദൈവം മാത്രമാണെന്ന് അവരറിയാന്‍. വിചാരശാലികള്‍ ചിന്തിച്ചു മനസ്സിലാക്കാനും." (14:52)


"ഈ ഖുര്‍ആനില്‍ മനുഷ്യര്‍ക്കായി എല്ലാവിധ ഉപമകളും നാം വിവിധ രൂപേണ വിവരിച്ചിട്ടുണ്ട്. എന്നിട്ടും മനുഷ്യരിലേറെ പേരും അവയെ തള്ളിക്കളഞ്ഞു. സത്യനിഷേധത്തിലുറച്ചുനിന്നു." (17:89)


"സംശയമില്ല; മനുഷ്യര്‍ക്ക് വേണ്ടിയുള്ള സത്യസന്ദേശവുമായി നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍വഴി സ്വീകരിച്ചാല്‍ അതിന്റെ നന്മ അവനു തന്നെയാണ്. വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും അവനുതന്നെ. നീ അവരുടെ കൈകാര്യകര്‍ത്താവൊന്നുമല്ല." (39:41)

അല്ലാഹു അഭിസംബോധന ചെയ്യുന്നത് മനുഷ്യനെ...

"മനുഷ്യന്‍ കരുതുന്നോ; അവനെ വെറുതെയങ്ങ് വിട്ടേക്കുമെന്ന്? അവന്‍, തെറിച്ചു വീണ നിസ്സാരമായ ഒരിന്ദ്രിയകണം മാത്രമായിരുന്നില്ലേ? പിന്നെയത് ഭ്രൂണമായി. അനന്തരം അല്ലാഹു അവനെ സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അവനതില്‍ നിന്ന് ആണും പെണ്ണുമായി ഇണകളെ ഉണ്ടാക്കി. അതൊക്കെ ചെയ്തവന്‍ മരിച്ചവരെ വീണ്ടും ജീവിപ്പിക്കാന്‍ പോന്നവനല്ലെന്നോ?" (75:36-40)"താന്‍ പറയത്തക്ക ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടില്ലേ. മനുഷ്യനെ നാം കൂടിക്കലര്‍ന്ന ദ്രവകണത്തില്‍നിന്ന് സൃഷ്ടിച്ചുനമുക്ക് അവനെ പരീക്ഷിക്കാന്‍. അങ്ങനെ നാമവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി. ഉറപ്പായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു. അവന് നന്ദിയുള്ളവനാകാം. നന്ദികെട്ടവനുമാകാം." (76:1-3)


"മനുഷ്യനെ നാമൊരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? എന്നിട്ടിപ്പോള്‍ അവനിതാ ഒരു പ്രത്യക്ഷശത്രുവായി മാറിയിരിക്കുന്നു. അവന്‍ നമുക്ക് ഉപമ ചമച്ചിരിക്കുന്നു. തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നുകളഞ്ഞു. അവന്‍ ചോദിക്കുന്നു: എല്ലുകള്‍ പറ്റെ ദ്രവിച്ചുകഴിഞ്ഞ ശേഷം അവയെ ആര് ജീവിപ്പിക്കാനാണ്?" (36:77-78)


"മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു." (49:13)


"ഒരുമേല്‍നോട്ടക്കാരനില്ലാതെ ഈ ലോകത്ത് ഒരു മനുഷ്യനുമില്ല. മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; ഏതില്‍നിന്നാണവന്‍ സൃഷ്ടിക്കപ്പെട്ടതെന്ന്. അവന്‍ സൃഷ്ടിക്കപ്പെട്ടത് സ്രവിക്കപ്പെടുന്ന വെള്ളത്തില്‍നിന്നാണ്. മുതുകെല്ലിന്റെയും മാറെല്ലിന്റെയും ഇടയിലാണതിന്റെ ഉറവിടം." (86:4-7)


"മനുഷ്യന്‍ വിചാരിക്കുന്നുവോ നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടാനാവില്ലെന്ന്? എന്നാല്‍, നാം അവന്റെ വിരല്‍ത്തുമ്പുപോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ്". (75:3-4)


"അല്ലയോ മനുഷ്യാ, അത്യുദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ ചതിയില്‍ പെടുത്തിയതെന്താണ്? അവനോ, നിന്നെ സൃഷ്ടിക്കുകയും ശ്രദ്ധയോടെ ചിട്ടപ്പെടുത്തുകയും, എല്ലാം സന്തുലിതമാക്കുകയും ചെയ്തവന്‍. താനുദ്ദേശിച്ച വിധം നിന്നെ രൂപപ്പെടുത്തിയവന്‍." (82:6-8)


"ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു (ഇബാദത്ത്) ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല." (51:56)


"മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതൊന്നുമില്ല." (53:39)


"ഭൂമിക്ക് ഭാരമായ ജിന്നുകളേ, മനുഷ്യരേ, നിങ്ങളുടെ വിചാരണക്കായി നാം ഒഴിഞ്ഞു വരുന്നുണ്ട്. (55:31)

"ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് പുറത്തു പോകാനാകുമെങ്കില്‍ നിങ്ങള്‍ പുറത്തുപോവുക. നിങ്ങള്‍ക്ക് പുറത്തുകടക്കാനാവില്ല. ഒരു മഹാശക്തിയുടെ പിന്‍ബലമില്ലാതെ". (55:33)


"മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ." (80:24)

"കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ." (103:1-3)

"അതല്ല; മനുഷ്യന്‍ കൊതിച്ചതൊക്കെത്തന്നെയാണോ അവന്ന് കിട്ടുക? എന്നാല്‍ അറിയുക: ഈ ലോകവും പരലോകവും അല്ലാഹുവിന്റേതാണ്." (53:24-25)"മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്ന അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ദൈവമില്ല. പിന്നെയെങ്ങനെയാണ് നിങ്ങള്‍ വഴിതെറ്റിപ്പോകുന്നത്?" (35:3)

"മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാണ്. അല്ലാഹുവോ സ്വയംപര്യാപ്തനും സ്തുത്യര്‍ഹനും." (35:15)"മനുഷ്യര്‍ക്കുവേണ്ടിയാണ് നാമിങ്ങനെ ഉപമകള്‍ വിശദീകരിക്കുന്നത്. എന്നാല്‍ വിചാരമതികളല്ലാതെ അതേക്കുറിച്ച് ചിന്തിച്ച് മനസ്സിലാക്കുന്നില്ല". (29:43)


"സ്വന്തത്തെ സംബന്ധിച്ച് അവര്‍ ചിന്തിച്ചിട്ടില്ലേ? ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും ശരിയായ ക്രമപ്രകാരവും കൃത്യമായ അവധി നിശ്ചയിച്ചുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. മനുഷ്യരിലേറെപ്പേരും തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നതിനെ തള്ളിപ്പറയുന്നവരാണ്". (30:8)


"മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ: തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്; പിന്നെ ഭ്രൂണത്തില്‍ നിന്ന്; പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ യൌവനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൌതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു." (22:5)


"മനുഷ്യന്‍ നന്മക്കുവേണ്ടിയെന്നപോലെ തിന്മക്കുവേണ്ടിയും പ്രാര്‍ഥിക്കുന്നു. അവന്‍ വല്ലാത്ത ധൃതിക്കാരന്‍ തന്നെ." (17:11)


"മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ?" (30:41)


"മനുഷ്യനെ വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ നിന്നോ ഇരുന്നോ കിടന്നോ നമ്മോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അങ്ങനെ അവനെ ആ വിപത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തിയാല്‍ പിന്നെ അവനകപ്പെട്ട വിഷമസന്ധിയിലവന്‍ നമ്മോടു പ്രാര്‍ഥിച്ചിട്ടേയില്ലെന്ന വിധം നടന്നകലുന്നു. അതിരു കവിയുന്നവര്‍ക്ക് അവരുടെ ചെയ്തികള്‍ അവ്വിധം അലംകൃതമായി തോന്നുന്നു." (10:12)


"മനുഷ്യന് വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ തന്റെ നാഥങ്കലേക്ക് താഴ്മയോടെ മടങ്ങി അവനോട് പ്രാര്‍ഥിക്കുന്നു. പിന്നീട് അല്ലാഹു തന്നില്‍നിന്നുള്ള അനുഗ്രഹം പ്രദാനം ചെയ്താല്‍ നേരത്തെ അല്ലാഹുവോട് പ്രാര്‍ഥിച്ചിരുന്ന കാര്യംതന്നെ അവന്‍ മറന്നുകളയുന്നു. ദൈവമാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കാനായി അവന്‍ അല്ലാഹുവിന് സമന്മാരെ സങ്കല്‍പിക്കുകയും ചെയ്യുന്നു. പറയുക: "അല്‍പകാലം നീ നിന്റെ സത്യനിഷേധവുമായി സുഖിച്ചുകൊള്ളുക. സംശയമില്ല" (39:8)


"നാം മനുഷ്യനെ നമ്മില്‍ നിന്നുള്ള അനുഗ്രഹം ആസ്വദിപ്പിക്കുകയും പിന്നെ അത് എടുത്ത് മാറ്റുകയും ചെയ്താല്‍ അവന്‍ വല്ലാതെ നിരാശനും നന്ദികെട്ടവനുമായിത്തീരുന്നു. അഥവാ, നാമവനെ ദുരന്തം അനുഭവിപ്പിച്ച ശേഷം അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അവന്‍ പറയും: "എന്റെ ദുരന്തങ്ങളൊക്കെ പോയിമറഞ്ഞിരിക്കുന്നു.” അങ്ങനെ അവന്‍ ആഹ്ളാദഭരിതനും അഹങ്കാരിയുമായിത്തീരുന്നു." (11:9-10)


"കടലില്‍ നിങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെല്ലാം അപ്രത്യക്ഷമാകുന്നു. എന്നാല്‍ അവന്‍ നിങ്ങളെ കരയിലേക്ക് രക്ഷപ്പെടുത്തിയാല്‍ നിങ്ങള്‍ അവനില്‍നിന്ന് തിരിഞ്ഞുകളയുന്നു. മനുഷ്യന്‍ ഏറെ നന്ദികെട്ടവന്‍ തന്നെ." (17:67)


"മനുഷ്യന് നാം അനുഗ്രഹമേകിയാല്‍ അവന്‍ തിരിഞ്ഞുകളയുന്നു. തനിക്കു തോന്നിയ പോലെ തെന്നിമാറിപ്പോകുന്നു. അവന് വല്ല വിപത്തും വന്നാലോ നിരാശനാവുകയും ചെയ്യുന്നു." (17:83)


"എന്നാല്‍ മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ പറയും: “എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു.” എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: “എന്റെ നാഥന്‍ എന്നെ നിന്ദിച്ചിരിക്കുന്നു.” (89:15-16)


"മനുഷ്യരൊക്കെ ഒരു സമുദായമായിരുന്നു. പിന്നെ അവര്‍ ഭിന്നിച്ചു. നിന്റെ നാഥനില്‍ നിന്നുള്ള പ്രഖ്യാപനം നേരത്തെ ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ ഇതിനകം തന്നെ തീര്‍പ്പ് കല്‍പിക്കപ്പെടുമായിരുന്നു." (10:19)


"ആദിയില്‍ മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായപ്പോള്‍ ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി അവരോടൊപ്പം സത്യവേദ പുസ്തകവും അവതരിപ്പിച്ചു. വേദം ലഭിച്ചവര്‍ തന്നെയാണ് വ്യക്തമായ തെളിവുകള്‍ വന്നെത്തിയ ശേഷവും അതില്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. എന്നാല്‍ സത്യവിശ്വാസികളെ അവര്‍ ഭിന്നിച്ചകന്നുപോയ സത്യത്തിലേക്ക് അല്ലാഹു തന്റെ ഹിതമനുസരിച്ച് വഴിനടത്തി. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലേക്കു നയിക്കുന്നു." (2:213)


"നന്മ തേടുന്നതില്‍ മനുഷ്യനൊട്ടും മടുപ്പനുഭവപ്പെടുന്നില്ല. എന്നാല്‍ വല്ല വിപത്തും അവനെ ബാധിച്ചാലോ അവന്‍ മനംമടുത്തവനും കടുത്തനിരാശനുമായിത്തീരുന്നു. അവനെ ബാധിച്ച വിപത്ത് വിട്ടൊഴിഞ്ഞശേഷം നമ്മുടെ അനുഗ്രഹം നാമവനെ ആസ്വദിപ്പിച്ചാല്‍ തീര്‍ച്ചയായും അവന്‍ പറയും: "ഇത് എനിക്ക് അവകാശപ്പെട്ടതുതന്നെയാണ്. അന്ത്യസമയം ആസന്നമാകുമെന്ന് ഞാന്‍ കരുതുന്നില്ല. അഥവാ, ഞാനെന്റെ നാഥന്റെ അടുത്തേക്ക് തിരിച്ചയക്കപ്പെട്ടാലും എനിക്ക് അവന്റെയടുത്ത് നല്ല അവസ്ഥയാണുണ്ടാവുക." എന്നാല്‍ ഇത്തരം സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നാം വിവരമറിയിക്കും. കഠിനമായ ശിക്ഷ അവരെ ആസ്വദിപ്പിക്കും. മനുഷ്യന് നാം വല്ല ഔദാര്യവും ചെയ്യുമ്പോള്‍ അവനത് അവഗണിക്കുന്നു. അഹന്ത നടിക്കുന്നു. വല്ല വിപത്തും അവനെ ബാധിച്ചാലോ, അവനതാ ദീര്‍ഘമായ പ്രാര്‍ഥനയിലേര്‍പ്പെടുന്നു." (41:49-51)

"അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ മുഴുവന്‍ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവനിച്ഛിക്കുന്നവരെ അവന്‍ തന്റെ അനുഗ്രഹത്തിന് അവകാശിയാക്കുന്നു. അക്രമികള്‍ക്ക് രക്ഷകനോ സഹായിയോ ഇല്ല." (42:8)

മുഹമ്മദ്‌ നബി (സ) സകല മനുഷ്യര്‍ക്കും വേണ്ടി വന്ന മനുഷ്യനായ പ്രവാചകന്‍


"പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കുമുള്ള, ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ ദൂതനാണ്. അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുക. അവന്റെ ദൂതനിലും. അഥവാ നിരക്ഷരനായ പ്രവാചകനില്‍. അദ്ദേഹം അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റുക. നിങ്ങള്‍ നേര്‍വഴിയിലായേക്കാം." (7:158)

"ലോകത്തിന് മുഴുവന്‍ കാരുണ്യമായിട്ടാണ് നിന്നെ നാം നിയോഗിച്ചത്'’(21: 107) 

മനുഷ്യരോട് ദൈവം കല്‍പ്പിക്കുന്നത്

"പറയുക: മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം ഇതാ വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ അതിന്റെ നേട്ടം അവനുതന്നെയാണ്. ആരെങ്കിലും ദുര്‍മാര്‍ഗത്തിലാവുകയാണെങ്കില്‍ ആ വഴികേടിന്റെ ദുരന്തവും അവനുതന്നെ. ഇക്കാര്യത്തില്‍ എനിക്കു നിങ്ങളുടെമേല്‍ ഒരുവിധ ഉത്തരവാദിത്വവുമില്ല" (10:108)

"മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഉറപ്പായും അന്ത്യനാളിന്റെ പ്രകമ്പനം അതിഭയങ്കരം തന്നെ." (22:1)

"മനുഷ്യരേ, ഭൂമിയിലെ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. പിശാചിന്റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്." (2:168)

"അവനെക്കൂടാതെ നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയൊക്കെയും നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും വ്യാജമായി പടച്ചുണ്ടാക്കിയ ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു അതിനൊന്നിനും ഒരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല. വിധിക്കധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ യാതൊന്നിനെയും നിങ്ങള്‍ വഴങ്ങരുതെന്ന് അവനാജ്ഞാപിച്ചിരിക്കുന്നു. ഏറ്റം ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല." (12:40)

"അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അവന്റെ അവകാശികള്‍ക്കു നാം പ്രതിക്രിയക്ക് അധികാരം നല്‍കിയിരിക്കുന്നു. എന്നാല്‍, അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായം ലഭിക്കുന്നവനാകുന്നു." (17:33)

"മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരു പിതാവിനും തന്റെ മകന് ഒരുപകാരവും ചെയ്യാനാവാത്ത, ഒരു മകന്നും തന്റെ പിതാവിന് ഒട്ടും പ്രയോജനപ്പെടാത്ത ഒരു നാളിനെ നിങ്ങള്‍ ഭയപ്പെടുക. നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. കൊടും ചതിയനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ." (31:33)

"മനുഷ്യരേ, ഒരുദാഹരണമിങ്ങനെ വിശദീകരിക്കാം. നിങ്ങളിത് ശ്രദ്ധയോടെ കേള്‍ക്കുക: അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം ഒരുമിച്ചുചേര്‍ന്ന് ശ്രമിച്ചാലും ഒരീച്ചയെപ്പോലും സൃഷ്ടിക്കാന്‍ അവര്‍ക്കാവില്ല. എന്നല്ല; ഈച്ച അവരുടെ പക്കല്‍നിന്നെന്തെങ്കിലും തട്ടിയെടുത്താല്‍ അത് മോചിപ്പിച്ചെടുക്കാന്‍പോലും അവര്‍ക്ക് സാധ്യമല്ല. സഹായം തേടുന്നവനും തേടപ്പെടുന്നവനും ഏറെ ദുര്‍ബലര്‍ തന്നെ". (22:73)

"മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. ക്ളേശത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചുതന്നെ. ഗര്‍ഭകാലവും മുലകുടിയും കൂടി മുപ്പതു മാസം. അവനങ്ങനെ കരുത്തനാവുകയും നാല്‍പത് വയസ്സാവുകയും ചെയ്താല്‍ ഇങ്ങനെ പ്രാര്‍ഥിക്കും: "എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീയേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നീയെന്നെ തുണയ്ക്കേണമേ; നിനക്കു ഹിതകരമായ സുകൃതം പ്രവര്‍ത്തിക്കാനും. എന്റെ മക്കളുടെ കാര്യത്തിലും നീ എനിക്കു നന്മ വരുത്തേണമേ. ഞാനിതാ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഉറപ്പായും ഞാന്‍ അനുസരണമുള്ളവരില്‍ പെട്ടവനാണ്." (46:15)

"മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. നിനക്കറിയാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവര്‍ നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ അനുസരിക്കരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ നാം വിശദമായി വിവരമറിയിക്കും." (29:8)

മനുഷ്യരെല്ലാം ദൈവത്തിലേക്ക് തിരിച്ചു ചെല്ലേണ്ടവരാണ്

"അന്ന് അവിടെവെച്ചു ഓരോ മനുഷ്യനും താന്‍ നേരത്തെ ചെയ്തുകൂട്ടിയതിന്റെ രുചി അനുഭവിച്ചറിയും. എല്ലാവരും തങ്ങളുടെ യഥാര്‍ഥ രക്ഷകനായ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടും. അവര്‍ കെട്ടിയുണ്ടാക്കിയ കള്ളത്തരങ്ങളൊക്കെയും അവരില്‍നിന്ന് തെന്നിമാറിപ്പോകും." (10:30)

"ഓര്‍ക്കുക: ഓരോ മനുഷ്യനും താന്‍ ചെയ്ത നന്മയുടെയും തിന്മയുടെയും ഫലം നേരില്‍ കണ്ടറിയും ദിനം വരാനിരിക്കുന്നു. ആ ദിനം തന്നില്‍ നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന് ഓരോ മനുഷ്യനും അന്ന് ആഗ്രഹിച്ചുപോകും. അല്ലാഹു തന്റെ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു തന്റെ അടിമകളോട് പരമദയാലുവാകുന്നു." (3:30)

"എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കും. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല." (3:185)

"ഒരുദിനം അതുണ്ടാകും. അന്ന് എല്ലാ മനുഷ്യരും സ്വന്തം കാര്യത്തിനുവേണ്ടി വാദിച്ചുകൊണ്ടിരിക്കും. എല്ലാ ഓരോരുത്തര്‍ക്കും തങ്ങളുടെ കര്‍മഫലം പൂര്‍ണമായി നല്‍കപ്പെടും. ആരും ഒരുവിധ അനീതിക്കുമിരയാവുകയുമില്ല." (16:111)

"എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നോക്കിനടത്തുന്നവനുമായ അല്ലാഹുവിന് സകല മനുഷ്യരും അന്ന് കീഴൊതുങ്ങും. അക്രമത്തിന്റെ പാപഭാരം പേറിവന്നവര്‍ അന്ന് തുലഞ്ഞതുതന്നെ." (20:111)

"അക്രമിയായ മനുഷ്യന്‍ ഖേദത്താല്‍ കൈ കടിക്കുന്ന ദിനമാണത്. അന്ന് അയാള്‍ പറയും: "ഹാ കഷ്ടം! ഞാന്‍ ദൈവദൂതനോടൊപ്പം അദ്ദേഹത്തിന്റെ മാര്‍ഗമവലംബിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ." (25:27)

"അല്ലയോ മനുഷ്യാ; നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ളേശത്തോടെ ചെന്നെത്തുന്നവനാണ്; അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും." (84:6)

"ഭൂമി പിളര്‍ന്ന് മനുഷ്യര്‍ പുറത്ത് കടന്ന് അതിവേഗം ഓടിവരുന്ന ദിനം. അവ്വിധം അവരെ ഒരുമിച്ചു കൂട്ടല്‍ നമുക്ക് വളരെ എളുപ്പമാണ്." (50:44)

"സത്യവിശ്വാസം സ്വീകരിച്ചവരെയും സത്യവിശ്വാസ സ്വീകരണത്തില്‍ അവരെ അനുഗമിച്ച അവരുടെ സന്താനങ്ങളെയും നാം ഒരുമിച്ചു ചേര്‍ക്കും. അവരുടെ കര്‍മഫലങ്ങളില്‍ നാമൊരു കുറവും വരുത്തുകയില്ല. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് അര്‍ഹനായിരിക്കും." (52:21)

"എന്നിട്ടും മനുഷ്യന്‍ തന്റെ വരുംകാല ജീവിതത്തില്‍ ദുര്‍വൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നു. ഈ ഉയിര്‍ത്തെഴുന്നേല്പു ദിനം എന്നാണെന്ന് അവന്‍ ചോദിക്കുന്നു. കണ്ണ് അഞ്ചിപ്പോവുകയും ചന്ദ്രന്‍ കെട്ടുപോവുകയും, സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍. അന്ന് ഈ മനുഷ്യന്‍ പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്. ഇല്ല! ഒരു രക്ഷയുമില്ല. അന്ന് നിന്റെ നാഥന്റെ മുന്നില്‍ തന്നെ ചെന്നു നില്‍ക്കേണ്ടിവരും. അന്നാളില്‍ മനുഷ്യന്‍ താന്‍ ചെയ്യരുതാത്തത് ചെയ്തതിനെ സംബന്ധിച്ചും ചെയ്യേണ്ടത് ചെയ്യാത്തതിനെപ്പറ്റിയും അറിയുന്നു. എന്നല്ല, അന്ന് മനുഷ്യന്‍ തനിക്കെതിരെ തന്നെ തെളിവായിത്തീരുന്നു." (75:5-14)


No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം