Tuesday, May 28, 2013

മുഹമ്മദ്‌ നബി (സ) യെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് (മുഹമ്മദ്‌ നബി പാപിയാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടോ?)


ദിമമനുഷ്യനും പ്രവാചകനുമായ ആദം പ്രവാചകനില്‍ 
നിന്നും തുടങ്ങിയ ദൈവിക സന്മാര്‍ഗ വ്യവസ്ഥയാണ് ഇസ്ലാം. ലക്ഷത്തില്‍ പരം പ്രവാചക പരമ്പരയിലൂടെ മാനവസമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെട്ട ഇസ്ലാമിന്റെ അവസാനത്തെ സന്ദേശവാഹകനാണ് മുഹമ്മദ്‌ നബി (സ). പ്രപഞ്ചനാഥനായ അല്ലാഹുവില്‍ നിന്നും അദ്ദേഹത്തിനു നീണ്ട 23 വര്‍ഷക്കാലയളവില്‍ അവതീര്‍ണമായ വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍ . പ്രസ്തുത ഗ്രന്ഥത്തില്‍ മുഹമ്മദ്‌ നബിയെ കുറിച്ച് പറയുന്ന പ്രധാനപ്പെട്ട സൂക്തങ്ങള്‍ അറിയുന്നത് വളരെ പ്രസക്തവും ഒട്ടേറെ തെറ്റിധാരണകള്‍ അകറ്റുന്നതിനു സഹായകവുമായിരിക്കും.
ക്രൈസ്തവ വിമര്‍ശകരും മറ്റും ഖുര്‍ആനിലെ ചില വചനങ്ങള്‍ ഉദ്ധരിച്ചു മുഹമ്മദ്‌ നബി (സ) പാപിയാണെന്ന് വരുത്താന്‍ ശ്രമിക്കാറുണ്ട്. അതിനുള്ള മറുപടി കൂടിയാണ് ഈ പോസ്റ്റ്‌.


മുഹമ്മദ്‌ നബി (സ) യടക്കം എല്ലാ പ്രവാചകന്മാരും പാപ സുരക്ഷിതര്‍ ആണെന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. മുഹമ്മദ്‌ നബി (സ) യെ കുറിച്ച് ഖുര്‍ആന്‍ പറയുന്നതു കാണുക.

1. മുഹമ്മദ്‌ നബി (സ) നേരായ പാതയിലാണ്:
"യാസീന്‍ . തത്വസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെയാണ് സത്യം; നീ ദൈവ ദൂതന്മാരില്‍ പെട്ടവന്‍ തന്നെയാകുന്നു. നേരായ പാതയിലാകുന്നു (നീ)". (36:1-4)
2. മഹത്തായ സ്വഭാവത്തിനുടമയാണ്: 
"നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല. തീര്‍ച്ചയായും നിനക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലം ഉണ്ട്. തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു." (68:2-4)
3. ഉത്തമമാതൃകയാണ്:
"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്.'' (33:21)
4. അദ്ദേഹത്തെ പിന്‍ പറ്റിയാല്‍ നിങ്ങളും നേര്‍ വഴിയിലാവും: 

"പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കുമുള്ള, ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ ദൂതനാണ്. അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുക. അവന്റെ ദൂതനിലും. അഥവാ നിരക്ഷരനായ പ്രവാചകനില്‍ . അദ്ദേഹം അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റുക. നിങ്ങള്‍ നേര്‍വഴിയിലായേക്കാം". (7:158)
5. അദ്ദേഹം കാരുണ്യവാനും ദയാലുവുമാണ്:
"തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.'' (9:128)
6. അദ്ദേഹം സൌമ്യനാണ്; പരുഷസ്വഭാവിയോ കഠിന ഹൃദയനോ അല്ല:
"(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.''(3:159)
7. ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമാണ്:
"ലോകത്തിന് മുഴുവന്‍ കാരുണ്യമായിട്ടാണ് നിന്നെ നാം നിയോഗിച്ചത്'’(21: 107)
മുകളില്‍ കൊടുത്ത സൂക്തങ്ങള്‍ വായിച്ച് നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും ഒരു വ്യാഖ്യാനത്തിന്റെ പോലും സഹായമില്ലാതെ മുഹമ്മദ്‌ നബി (സ) പാപരഹിതനാണെന്ന് മനസ്സിലാകും. 

ഇനി മറ്റൊരു കാര്യം: പാപിയായ ഒരാളെ അള്ളാഹു ദൗത്യ നിര്‍വഹണത്തിന്‌ തെരഞ്ഞെടുത്തു എന്ന് വിമര്‍ശകന്‍ പറയുമോ? താഴെ സൂക്തങ്ങള്‍ കൂടി വായിക്കുക:
"അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനമാണ്." (53:3,4) 
"നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത്‌ നല്‍കുന്നവനുമായി കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ മനുഷ്യരില്‍ അധിക പേരും അറിയുന്നില്ല". (34:28)
പ്രവാചകന്റെ സ്വഭാവ ഗുണങ്ങളെ പറ്റി വിശദീകരിക്കുന്ന ഒരു പാട് സംഭവങ്ങള്‍ ഹദീസുകളിലും കാണാം. (കാരുണ്യമാണ് ഇസ്ലാം , പ്രവാചകന്റെ സ്വഭാവം എന്നീ പോസ്റ്റുകള്‍ വായിക്കുക).

മുഹമ്മദ്‌ നബി (സ) യുടെ  ചെറുപിഴവുകളും ഖുര്‍ആന്റെ ദൈവികതയും

വിശുദ്ധ ഖുര്‍ആനില്‍ അള്ളാഹു മുഹമ്മദ്‌ നബി (സ) യുടെ വളരെ നിസ്സാരമായ വീഴ്ചകളെ തിരുത്തുന്നതായി കാണാം. ഖുര്‍ആന്‍ ദൈവികമാണ് എന്നതിനുള്ള ശക്തമായ തെളിവാണത്. കാരണം ഖുര്‍ആന്‍ നബിയുടെ രചന ആയിരുന്നെങ്കില്‍ സ്വന്തം വീഴ്ചകളെ ശാസിച്ചു കൊണ്ട് വചനങ്ങള്‍ കൊടുക്കുമോ? തന്റെ ഗുണഗണങ്ങള്‍ വാരി നിറച്ച ഒരു സമാഹാരമായിരുന്നില്ലേ നബി (സ) കൊടുക്കേണ്ടിയിരുന്നത്? എന്നാല്‍ അങ്ങനെ ഉണ്ടായില്ല എന്നത് നേര്‍ വഴിയില്‍ ചിന്തിക്കുന്നവരെ അത്ഭുതപ്പെടുത്താതിരിക്കില്ല. ഖുര്‍ആന്‍ മുഹമ്മദ്‌ നബി (സ) യുടെ രചനയല്ലെന്നും അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതാണെന്നും വ്യക്തമാണ്.

ഖുര്‍ആനില്‍ നബി (സ) യെ അള്ളാഹു തിരുത്തുന്നതായി കാണാം. പ്രബോധന രംഗത്ത് സംഭവിക്കുന്ന നിസ്സാര പിഴവുകളോ വീഴ്ചകളോ ആണ് അവ. ഉദാഹരണത്തിന് വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ള ഒരു ഖുര്‍ആന്‍ സൂക്തം തന്നെ പരിശോധിക്കാം.
ഓ; നബീ, നീയെന്തിനാണ്‌ നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത്‌ നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (66 :1 )
നബി (സ) ഭാര്യമാരുടെ അപ്രീതി കരുതി താന്‍ ഇനി മേല്‍ തേന്‍ കഴിക്കുയില്ല എന്ന് ശപഥം ചെയ്തു. ഇതിനെ വിമര്‍ശിച്ചു കൊണ്ടാണ് മേല്‍ സൂക്തം ഇറങ്ങിയത് എന്നാണു പ്രമുഖരായ പണ്ഡിതന്മാര്‍ പറയുന്നത്. (കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക). ഇതില്‍ എവിടെയാണ് പാപം ഉള്ളത്? മാനുഷികമായ ഒരു വീഴ്ച മാത്രം. സാധാരണ ഗതിയില്‍ നിസ്സാരമായ ഒരു സംഭവം പ്രവാചകന്‍ എന്ന നിലയില്‍ സംഭവിക്കാന്‍ പാടില്ലെന്ന് അല്ലാഹുവിനു നിര്‍ബന്ധമുണ്ട്. കാരണം മറ്റുള്ളവരും നബിയുടെ ഈ തീരുമാനം കണ്ടു തേന്‍ നിഷിദ്ധമാക്കാന്‍ സാധ്യതയുണ്ടല്ലോ. ഇത് പോലെയുള്ള വേറെയും ചില സംഭവങ്ങള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. അവയിലൊന്നും പ്രവാചകന്‍ (സ) പാപം ചെയ്തുവെന്നു പറയുന്നെയില്ല. 
നിസ്സാര പിഴവുകളെ പോലും തിരുത്തി കൊടുക്കുന്ന അള്ളാഹു പ്രവാചകനില്‍ വല്ല പാപവും സംഭവിച്ചിരുന്നെങ്കില്‍ അക്കാര്യം ഖുര്‍ആനില്‍ പറയാതിരിക്കുമോ? അങ്ങനെ പാപം ചെയ്യുന്ന ഒരാളെ സര്‍വജ്ഞനായ അള്ളാഹു പ്രവാചകനായി തിരഞ്ഞെടുക്കുമോ?
നിന്റെ പാപം ('ദന്ബിക') എന്നാല്‍
വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ള ചില സൂക്തങ്ങള്‍ പരിശോധിക്കാം.
1. ...നിന്‍റെ പാപത്തിന്‌ നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.) ...(47 :19 )
ഇതിന്റെ വിശദീകരണത്തില്‍ മൌദൂദി പറയുന്നു:
അടിമ തന്റെ നാഥനെ ആരാധിക്കണം എന്നതും ഇസ്ലാം മനുഷ്യനെ പഠിപ്പിച്ച ധര്‍മങ്ങളിലൊന്ന് തന്നെയാകുന്നു. നാഥന്റെ ദീനിനുവേണ്ടി അവന്‍ ജീവാര്‍പ്പണം ചെയ്യേണ്ടതുണ്ട്. കഴിവിന്റെ പരമാവധി പരിശ്രമിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. എനിക്കു ചെയ്യാവുന്നതൊക്കെ ഞാന്‍ ചെയ്തുകഴിഞ്ഞിരിക്കുന്നു എന്ന വ്യാമോഹത്തില്‍ ഒരിക്കലും വീണുപോകരുത്. എന്റെ നാഥന്‍ എന്നിലര്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാനായിട്ടില്ല എന്ന വിചാരമാണ് എപ്പോഴും അവനില്‍ ഉണ്ടായിരിക്കേണ്ടത്. എപ്പോഴും സ്വന്തം വീഴ്ചകള്‍ ഏറ്റുപറഞ്ഞുകൊണ്ട് അവന്‍ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം: `നാഥാ, നിന്നെ സേവിക്കുന്നതില്‍ എന്നില്‍ വന്നുപോയ വീഴ്ചകള്‍ പൊറുത്തുതരേണമേ.` ഇതത്രേ പ്രവാചകനോട്, `സ്വന്തം കുറ്റങ്ങള്‍ക്കു മാപ്പിരക്കുക` എന്നു കല്‍പിക്കുന്നതിന്റെ യഥാര്‍ഥ പൊരുള്‍ . നബി (സ) മനഃപൂര്‍വം വല്ല കുറ്റവും ചെയ്തിരുന്നു-മആദല്ലാഹ്-എന്നല്ല ഇതിനര്‍ഥം. പ്രത്യുത, മറ്റേത് ദൈവദാസരെക്കാളും അധികമായി അല്ലാഹുവിനെ ആരാധിച്ചിരുന്ന ദാസനു പോലും തന്റെ കര്‍മാവലിയുടെ പേരില്‍ അഹന്തയുടെ യാതൊരു ഛായയും മനസ്സിലണിയാവുന്ന അവസ്ഥയില്ല എന്നാണതിന്റെ യഥാര്‍ഥ ആശയം. തന്റെ മഹത്തായ സേവനങ്ങളെല്ലാമുള്ളതോടൊപ്പം തന്നെ അദ്ദേഹം പോലും നാഥന്റെ മുമ്പില്‍ വീഴ്ചകളേറ്റു പറഞ്ഞ് മാപ്പു തേടിക്കൊണ്ടിരിക്കേണ്ട അവസ്ഥയിലാണുള്ളത്. ഈ നിലപാടിന്റെ സ്വാധീനതയാലായിരുന്നു നബി(സ) സദാ പാപമോചന പ്രാര്‍ഥനയിലേര്‍പ്പെട്ടു കൊണ്ടിരുന്നത്. അബൂദാവൂദും നസാഇയും അഹ്മദും ഒരു നിവേദനത്തില്‍ തിരുമേനി(സ)യെ ഉദ്ധരിക്കുന്നു: `ഞാന്‍ ഓരോ ദിവസവും നൂറുവട്ടം അല്ലാഹുവിനോട് പാപമോചനമര്‍ഥിക്കുന്നുണ്ട്.` 
2. നിന്‍റെ പാപത്തില്‍ നിന്ന്‌ മുമ്പ്‌ കഴിഞ്ഞുപോയതും പിന്നീട്‌ ഉണ്ടാകുന്നതും അല്ലാഹു നിനക്ക്‌ പൊറുത്തുതരുന്നതിനു വേണ്ടിയും,... (48 :2 )
ഇതിന്റെ വിശദീകരണത്തില്‍ മൌദൂദി പറയുന്നു:
ഈ വാക്യം അരുളപ്പെട്ട പശ്ചാത്തലം വീക്ഷിക്കുമ്പോള്‍, ഇവിടെ പൊറുത്തുകൊടുക്കുമെന്ന് പറയുന്ന തെറ്റുകളേതാണെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ പത്തൊമ്പത് വര്‍ഷക്കാലമായി റസൂല്‍ തിരുമേനിയുടെ നേതൃത്വത്തില്‍ ഇസ്ലാമിന്റെ വിജയത്തിനും ഉന്നമനത്തിനും വേണ്ടി മുസ്ലിംകള്‍ നടത്തിക്കൊണ്ടിരുന്ന പരിശ്രമങ്ങളില്‍ വന്ന വീഴ്ചകളെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഈ വീഴ്ചകള്‍ ഏതെങ്കിലും മനുഷ്യന്റെ അറിവില്‍പെട്ടതല്ല. എന്നല്ല, അവരുടെ ആ അധ്വാനപരിശ്രമങ്ങളില്‍ വല്ല കുറവും കണ്ടുപിടിക്കുക മനുഷ്യബുദ്ധിക്ക് അസാധ്യമാണ്. എന്നാല്‍, അല്ലാഹുവിന്റെ ദൃഷ്ടിയില്‍ സമ്പൂര്‍ണതയുടെ അത്യുന്നത മാനദണ്ഡമനുസരിച്ച്, ബഹുദൈവാരാധകരുടെമേല്‍ നിര്‍ണായകമായ വിജയം മുസ്ലിംകള്‍ക്ക് അതിവേഗം കരഗതമാകുന്നതിന് തടസ്സമായ ചില വീഴ്ചകള്‍ അവരില്‍ സംഭവിച്ചിട്ടുണ്ടായിരുന്നു. ഈ വാക്യത്തിലൂടെ തെര്യപ്പെടുത്തുന്നതിതാണ്: ഈ വീഴ്ചകളോടുകൂടി പരിശ്രമിച്ചുകൊണ്ടിരുന്നാല്‍ അറബികളെ മെരുക്കിയെടുക്കാന്‍ ഇനിയും വളരെക്കാലം വേണ്ടിവരുമായിരുന്നു. പക്ഷേ, ആ വീഴ്ചകളും ദൌര്‍ബല്യങ്ങളുമെല്ലാം നാം പൊറുത്തു തന്നു. നമ്മുടെ ഔദാര്യത്താല്‍ നാം അവയെല്ലാം പരിഹരിച്ചു. ഹുദൈബിയായില്‍വെച്ച് മോചനത്തിന്റെയും വിജയത്തിന്റെയും കവാടം നിങ്ങള്‍ക്ക് തുറന്നുതന്നു. സാധാരണഗതിയില്‍ നിങ്ങളുടെ പരിശ്രമം കൊണ്ടുമാത്രം അത്തരമൊരു സൌഭാഗ്യം നേടുക സാധ്യമായിരുന്നില്ല. ഇവിടെ ഒരു കാര്യവുംകൂടി നന്നായി ഗ്രഹിച്ചിരിക്കേണ്ടതുണ്ട്: ഒരു ലക്ഷ്യത്തിനുവേണ്ടി ഒരു സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന വീഴ്ചകളുടെ പേരില്‍ ആ സംഘത്തിന്റെ നായകനോടും മാര്‍ഗദര്‍ശകനോടും സംസാരിക്കുന്നതിനര്‍ഥം ആ വീഴ്ച നായകന്റെ വ്യക്തിപരമായ വീഴ്ചയാണ് എന്നല്ല. അത്തരം പരിശ്രമങ്ങളിലുണ്ടാകുന്ന ദൌര്‍ബല്യങ്ങള്‍ സംഘടനയുടെ പൊതുവായ ദൌര്‍ബല്യങ്ങളാകുന്നു. പക്ഷേ, അതെപ്പറ്റി നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഇന്നയിന്ന ദൌര്‍ബല്യങ്ങളുണ്ടെന്ന് പറയുക സംഘടനാ നായകനോടായിരിക്കും. എന്നാല്‍, പ്രഭാഷണം നബി(സ)യോടും, അതില്‍ പറയുന്നത് താങ്കളുടെ പണ്ടത്തെതും പിന്നത്തേതുമായ എല്ലാ വീഴ്ചകളും പൊറുത്തുതന്നിരിക്കുന്നു എന്നും ആയതുകൊണ്ട് ഈ പൊതുവായ വാക്യങ്ങളില്‍ ഇങ്ങനെയൊരാശയവും കൂടിയുണ്ട്: അല്ലാഹു അവന്റെ ദൂതനെ എല്ലാ പിശകുകളില്‍നിന്നും (അദ്ദേഹത്തിന്റെ ഉന്നതപദവി പരിഗണിക്കുമ്പോള്‍ പിശകുകളായി ഗണിക്കപ്പെടുന്ന കാര്യങ്ങളില്‍നിന്ന്) മുക്തനാക്കിയിരിക്കുന്നു. ഇക്കാരണത്താലാണ് നബിതിരുമേനി ആരാധനകളില്‍ അസാമാന്യമായി ക്ളേശിക്കുന്നതു കണ്ട സഹാബിവര്യന്മാര്‍ ഇപ്രകാരം ചോദിച്ചത്: "അങ്ങയുടെ പണ്ടത്തെതും പിന്നത്തേതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുതന്നിട്ടുണ്ടല്ലോ. പിന്നെന്തിന് അങ്ങ് ഇത്രയേറെ ക്ളേശിക്കണം?`` തിരുമേനി അപ്പോള്‍ പ്രതിവചിച്ചതിങ്ങനെയാണ്: "ഞാനൊരു നന്ദിയുള്ള ദാസനായിരിക്കേണ്ടതില്ലേ?`` (അഹ്മദ്, ബുഖാരി, മുസ്ലിം, അബൂദാവൂദ്)
3. നിന്‍റെ പാപത്തിന്‌ നീ മാപ്പുതേടുകയും വൈകുന്നേരവും രാവിലെയും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. (40 :55 )
ഈ സൂക്തത്തിന്റെ തുടക്കത്തില്‍ ഇത്ര കൂടിയുണ്ട്: 
"ആകയാല്‍ പ്രവാചകന്‍ ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിന്റെ വാഗ്ദാനം തികച്ചും സത്യമാകുന്നു".
ഈ ഭാഗം വിട്ടു കളയാന്‍ പാടില്ലായിരുന്നു. കാരണം ഇവിടെ പറയുന്ന 'ദന്‍ബ്' പ്രവാചകന്‍ (സ) പ്രബോധന രംഗത്ത് കാണിച്ച മാനുഷികമായ അക്ഷമ മാത്രമായിരുന്നു. ഇതിന്റെ വിശദീകരണത്തില്‍ മൌദൂദി പറയുന്നത് കാണുക: 
ഈ വാക്യം അരുളപ്പെട്ട പശ്ചാത്തലം പരിശോധിച്ചാല്‍ ഇവിടെ `തെറ്റ്` എന്നതുകൊണ്ട് വിവക്ഷിച്ചിട്ടുള്ളത്, കടുത്ത എതിര്‍പ്പിന്റെതായ ആ പശ്ചാത്തലത്തില്‍ വിശേഷിച്ചും തന്റെ ശിഷ്യന്മാര്‍ നിരന്തരം മര്‍ദിക്കപ്പെടുന്നതു കണ്ട് നബി(സ)യുടെ മനസ്സിലങ്കുരിച്ച അക്ഷമയാണെന്ന് മനസ്സിലാകും. നിഷേധികള്‍ക്ക് സ്വീകാര്യമായ ഒരു ദിവ്യാദ്ഭുതം പെട്ടെന്ന് ദൃശ്യമാവുകയോ അല്ലെങ്കില്‍ എതിര്‍പ്പിന്റെ ഈ കൊടുങ്കാറ്റ് ശമിപ്പിക്കുന്ന എന്തെങ്കിലും സംഗതി ഉടനെ അല്ലാഹുവിങ്കല്‍നിന്ന് പ്രത്യക്ഷപ്പെടുകയോ ചെയ്യേണമേ എന്ന് അവിടുന്ന് ആഗ്രഹിച്ചുകൊണ്ടിരുന്നു. ഈ ആഗ്രഹം ഒരാഗ്രഹമെന്നനിലയില്‍ പശ്ചാത്തപിക്കേണ്ട കുറ്റമായിരുന്നില്ല. പക്ഷേ, അല്ലാഹു നബിക്ക് അരുളിയിട്ടുള്ള ഉന്നതമായ പദവിയുടെയും ഉലുല്‍ അസ്മ് (നിശ്ചയദാര്‍ഢ്യമുള്ളവന്‍) എന്ന മഹല്‍ഗുണത്തിന്റെയും താല്‍പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഈ ചെറിയ അക്ഷമപോലും അദ്ദേഹത്തിന്റെ പദവിയില്‍നിന്നുള്ള വീഴ്ചയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തോട് നിര്‍ദേശിക്കുകയാണ്: ഈ ദൌര്‍ബല്യത്തിന് അല്ലാഹുവിനോട് മാപ്പിരക്കുക. താങ്കളെപ്പോലെ ഗംഭീരമായ സ്ഥാനത്തുള്ള ഒരാള്‍ സ്വന്തം സ്ഥാനത്ത് എവ്വിധം പാറപോലെ ഉറച്ചുനില്‍ക്കേണ്ടതുണ്ടോ അവ്വിധം ഉറച്ചുനില്‍ക്കുക.
ചുരുക്കത്തില്‍ മാനുഷികമായ ചെറിയ വീഴ്ചകളെ ഗുരുതര പാപമായി ചിത്രീകരിച്ചു ഒരേ സമയം ഖുര്‍ആനെ ദുര്‍വ്യാഖ്യാനിക്കുകയും അതുവഴി പ്രവാചകനെ ഇകഴ്ത്തുവാനുമുള്ള ശ്രമമാണ് പലപ്പോഴും വിമര്‍ശകരില്‍ നിന്നും ഉണ്ടാവുന്നതെന്ന് വ്യക്തമാവുന്നു.

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം