Sunday, November 17, 2013

മനുഷ്യസൃഷ്ടിപ്പില്‍ ന്യൂനതയോ?

ഫേസ്ബുക്കില്‍ ഒരു യുക്തിവാദി സുഹൃത്ത് മനുഷ്യസൃഷ്ടിപ്പില്‍ ധാരാളം ന്യൂനതകള്‍ ഉണ്ടെന്നു സ്ഥാപിക്കാന്‍ വേണ്ടി കുറിച്ച വാചകങ്ങള്‍ ആദ്യം കാണുക:
  • ജീവിതകാലത്തില്‍ നിങ്ങള്‍ക്കെത്ര രൂപയുടെ ബ്ലേഡ് വേണം ക്ഷൗരം ചെയ്യാന്‍ ? 
  • സ്ത്രീകള്‍ക്ക് എത്ര കിലോ തുണി (പേഡ്) വേണം മാസത്തില്‍ /കൊല്ലത്തില്‍ ..? 
  • കണ്ണട ഇല്ലാതെ നേരാവണ്ണം വായിക്കാന്‍ കഴിയുന്ന എത്ര പേരുണ്ട്? 
  • സൂക്ഷ്മജീവികളോടു മല്ലിട്ട് തോല്‍ക്കാതിരിക്കാന്‍ മരുന്ന് കഴിക്കാത്ത എത്ര പേരുണ്ട്..? 
  • വയറു കീറാതെ പ്രസവിക്കല്‍ എത്ര എണ്ണം ഉണ്ട്?

യുക്തിവാദികളുടെ 'യുക്തിവൃത്തം' എത്രമാത്രം കുടുസ്സായതാണ് എന്നതിന്റെ മികച്ചൊരു തെളിവാണീ വാചകങ്ങള്‍ .

അവരുടെ ഒരു പ്രധാനപരാതി മനുഷ്യന് പല പരിമിതികളും ഉണ്ടെന്നാണ്. അത് ദൈവത്തിന്റെ കഴിവ്കേടാണ് പോലും!!

എന്തൊക്കെയാണ് മനുഷ്യന്റെ പരിമിതികള്‍ ?

1. രോമം മുളക്കുന്നത്..
2. സ്ത്രീകളിലെ ആര്‍ത്തവം
3. കണ്ണട വെക്കേണ്ടിവരുന്നത്
4. രോഗങ്ങള്‍
5. സിസേറിയന്‍ പ്രസവം..............

അപ്പോള്‍ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ (?) ഇല്ലാത്ത മനുഷ്യനെ ദൈവം ഉണ്ടാക്കിയിരുന്നെങ്കില്‍ ഈ പരാതി തീരുമോ? ഒരിക്കലുമില്ല, ഒരാള്‍ക്ക് ഇങ്ങനെയും ചോദിക്കാം:

"ഏറ്റവും മികച്ച കാഴ്ച, കേള്‍വി, മണം മുതലായവ അറിയാനുള്ള കഴിവ് മനുഷ്യന് നല്‍കാത്തത് ദൈവത്തിന്റെ സൃഷ്ടിപ്പിലെ ന്യൂനതയല്ലേ? ഏറ്റവും വേഗത്തില്‍ ഓടാനും ചാടാനും മറ്റു കായിക പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുന്ന മനുഷ്യനെ സൃഷ്ടിക്കാന്‍ എന്ത് കൊണ്ട് ദൈവത്തിനു സാധിച്ചില്ല? സിസേറിയന്‍ പോകട്ടെ, പ്രസവം എന്ന രീതി തന്നെ ദൈവം ഉണ്ടാക്കാന്‍ പാടുണ്ടായിരുന്നോ?"
ഈ പരാതികള്‍ പരിഹരിച്ചാലും പ്രശ്നം തീരില്ല. അടുത്ത ആവശ്യം ഇങ്ങനെയാവും:

"മനുഷ്യന്‍ മലമൂത്രവിസര്‍ജ്ജനം നടത്തേണ്ടി വരുന്നത് ഒരു ന്യൂനതയല്ലേ? അങ്ങനത്തെ അവസ്ഥയില്ലാത്ത മനുഷ്യനെ എന്തുകൊണ്ട് സൃഷ്ടിച്ചില്ല?"

ഇങ്ങനെയും പരാതി പറയാം:

"ഭക്ഷണം കഴിച്ചു ജീവന്‍ നിലനിര്‍ത്തേണ്ടി വരുന്നത് മനുഷ്യസൃഷ്ടിപ്പിലെ ന്യൂനതയല്ലേ? ഭക്ഷണം കഴിക്കാതെയും ശ്വാസമെടുക്കാതെയും ജീവിക്കാന്‍ കഴിയുന്ന മനുഷ്യനെ സൃഷ്ടിച്ചാലല്ലേ പൂര്‍ണത വരികയുള്ളൂ.."

ഈ ചിന്ത നമുക്ക് ഇനിയും നീട്ടാം:

"മനുഷ്യന്റെ ശരീരം തന്നെ അതിന്റെ ഭാരം കാരണം പല പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം ഉണ്ടാക്കുന്നു. അതൊരു ന്യൂനതയാണ്. അപ്പോള്‍ ഭാരം തന്നെയില്ലാത്ത ശരീരം ദൈവത്തിനു ഉണ്ടാക്കിക്കൂടായിരുന്നോ? അഥവാ ശരീരം ഇല്ലാത്ത മനുഷ്യനെ ഉണ്ടാക്കാമായിരുന്നില്ലേ?"

ഇങ്ങനെ യുക്തിചിന്ത (?) എങ്ങനെയും വികസിപ്പിക്കാം. ഇതെവിടെ ചെന്ന് അവസാനിക്കുമെന്ന് ബുദ്ധിയുള്ള വായനക്കാര്‍ ആലോചിക്കുക.

എന്തായാലും ലളിതമായ മൂന്നു മറുപടികള്‍ കൊണ്ട് തീരുന്ന പ്രശ്നമേ ഇതിലുള്ളൂ.

1. ദൈവം സൃഷ്ടിച്ചത് ദൈവത്തെയല്ല, മനുഷ്യനെയാണ്‌. അഥവാ മനുഷ്യനെ ദൈവം സൃഷ്ടിച്ചത് മനുഷ്യന്‍ ആയിട്ടാണ്. ആ നിലക്ക് മനുഷ്യസൃഷ്ടി പൂര്‍ണമാണ്. എല്ലാം തികഞ്ഞവന്‍ പിന്നെ മനുഷ്യന്‍ എന്ന പേരിനു അര്‍ഹനല്ല.

2. മനുഷ്യന് പല പരിമിതികളും നല്‍കിയത് അവന്റെ പുരോഗതിക്ക് വേണ്ടിയാണ്. പരിമിതിയെ അതിജയിക്കാന്‍ വേണ്ടിയാണ് അവന്‍ ബുദ്ധി ഉപയോഗിച്ച് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നത്. എല്ലാം തികഞ്ഞ മനുഷ്യന് കണ്ടുപിടുത്തങ്ങള്‍ നടത്തേണ്ട കാര്യമില്ല. ആവശ്യം സൃഷ്ടിയുടെ മാതാവ് എന്നാണല്ലോ.
3. മനുഷ്യന് രോമം വളര്‍ന്നത് കൊണ്ടും ആര്‍ത്തവം, പ്രസവം, രോഗം തുടങ്ങിയവ ഉള്ളത് കൊണ്ടുമല്ലേ കുറെ പേര്‍ക്ക് തൊഴില്‍ കിട്ടിയത്? മനുഷ്യന്‍ സാമൂഹ്യജീവി ആയതുതന്നെ എന്തുകൊണ്ടാണ്?
ഈ വിഷയത്തിലുള്ള ഫേസ്ബുക്ക്‌ സംവാദം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം